ഈ തീരുമാനത്തിൽ എല്ലാവരും പശ്ചാത്തപിക്കും, ലയണൽ മെസിക്ക് ഫ്രാൻസിൽ നിന്നും പിന്തുണ

പിഎസ്‌ജിയിൽ ലയണൽ മെസി സുഖകരമായ നാളുകളല്ല അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഫ്രാൻസിനെ കീഴടക്കി ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതിനു ശേഷം ഫ്രഞ്ച് ആരാധകർ ലയണൽ മെസിക്കെതിരാണ്. അതിന്റെ രോഷം പിഎസ്‌ജി തോൽവി വഴങ്ങുമ്പോൾ ലയണൽ മെസിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച് അവർ തീർക്കുകയും ചെയ്യുന്നു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിൽ ടീമിലെ എല്ലാ താരങ്ങളും ഒരുപോലെ പങ്കാളികളാണെങ്കിലും അതിനു ശേഷം മൂന്നു മത്സരങ്ങളിൽ ലയണൽ മെസിയെ ലക്‌ഷ്യം വെച്ച് മാത്രം ആരാധകർ കൂക്കി വിളിച്ചത് ഇതു വ്യക്തമാക്കുന്നു. താരം ക്ലബ് വിടാനുള്ള തീരുമാനമെടുക്കാൻ ഇത് കാരണമായി. എന്നാൽ ഈ തീരുമാനത്തിൽ ഫ്രഞ്ച് ഫുട്ബോളും പിഎസ്‌ജിയും പശ്ചാത്തപിക്കുമെന്നാണ് എൽ എക്വിപ്പെ പറയുന്നത്.

നിലവിലെ സാഹചര്യത്തിൽ വ്യത്യാസമൊന്നും ഉണ്ടായില്ലെങ്കിൽ ലയണൽ മെസി ക്ലബ് വിടുമെന്നും അതിൽ ഫ്രഞ്ച് ഫുട്ബോൾ നിരാശപ്പെടുമെന്നും എൽ എക്വിപ്പെ പറയുന്നു. മെസിയുടെ പല ആരാധകരുടെയും കണ്ണിൽ താരത്തെ കൈകാര്യം ചെയ്‌തത്‌ ശരിയായ രീതിയിലല്ലെന്നും പാരീസും ഇതിന്റെ പേരിൽ പിന്നീട് നിരാശപ്പെടേണ്ടി വരുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ക്ലബിന്റെ നയങ്ങൾ പരാജയപ്പെട്ടതാണ് ഇതിനു കാരണമെന്നും സ്പോർട്ടിങ് മേഖലയെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് പകരം വാണിജ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും അവർ വ്യക്തമാക്കുന്നു. ക്ലബ് നേതൃത്വത്തെ തുടർന്നും അവർ വിശ്രമിക്കുന്നുണ്ട്.

നിലവിൽ മികച്ച ഫോമിലാണ് ലയണൽ മെസി പിഎസ്‌ജിക്കൊപ്പം കളിക്കുന്നത്. എംബാപ്പെയുമായി മികച്ച ഒത്തിണക്കവും താരം കാഴ്‌ച വെക്കുന്നു. എന്നാൽ അടുത്ത സീസണിൽ താരം ക്ലബിനൊപ്പം ഉണ്ടാകില്ലെന്നുറപ്പാണ്. മുൻ ക്ലബായ ബാഴ്‌സലോണ ഫ്രീ ഏജന്റാകുന്ന താരത്തെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

3.7/5 - (6 votes)
Lionel MessiPsg