അവസാനത്തെ പരിശീലനസെഷനു ശേഷം റയൽ മാഡ്രിഡ് താരങ്ങൾക്ക് ആൻസലോട്ടി നൽകിയ സന്ദേശമിതാണ് |Real Madrid

ചാമ്പ്യൻസ് ലീഗ് സെമിയിൽ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിനാണ് ഇന്ന് രാത്രി അരങ്ങുണരുന്നത്. പതിനഞ്ചാം കിരീടം നേടാനുള്ള ഫൈനൽ പോരാട്ടത്തിലേക്ക് കടക്കാൻ റയൽ മാഡ്രിഡ് ഇറങ്ങുമ്പോൾ ക്ലബിന്റെ ചരിത്രത്തിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ടാമത്തെ ഫൈനലുമാണ് മാഞ്ചസ്റ്റർ സിറ്റി ലക്‌ഷ്യം വെക്കുന്നത്. ആദ്യപാദത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

മികച്ച തന്ത്രജ്ഞരായ പരിശീലകരാണ് രണ്ടു ടീമിനുമുള്ളതെന്നതിനാൽ പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാണ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം റയലിനുണ്ട്. സെമിക്ക് മുന്നോടിയായി നടന്ന പരിശീലന സെഷനു ശേഷം ടീമിന് അവസാനത്തെ സന്ദേശവും കാർലോ ആൻസലോട്ടി നൽകിക്കഴിഞ്ഞു.

“ഇരുപതു മിനുട്ട്, അല്ലെങ്കിൽ മുപ്പതു മിനുട്ട് നമ്മൾ വളരെയധികം ബുദ്ധിമുട്ടേണ്ടി വരും. അതിൽ നമ്മൾ പിടിച്ചു നിന്നെ മതിയാകൂ, ആ സമയം അവർ നമ്മളെ ബുദ്ധിമുട്ടിക്കും.” ആൻസലോട്ടി പറഞ്ഞത് സ്‌പാനിഷ്‌ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഗ്വാർഡിയോളയുടെ പദ്ധതികൾ എങ്ങിനെയായിരിക്കും എന്നതിനെപ്പറ്റി ഇറ്റാലിയൻ പരിശീലകന് വ്യക്തതയുണ്ടെന്ന് ഇതിൽ നിന്നും മനസിലാക്കാവുന്നതാണ്.

തുല്യശക്തികളാണ് ഏറ്റുമുട്ടുന്നത് എന്നതിനാൽ തന്നെ ഇതുപോലെയുള്ള മത്സരങ്ങളിൽ സൂക്ഷ്‌മമായ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതു തന്നെയാണ് വിജയം നേടാനുള്ള വഴിയും. റയൽ മാഡ്രിഡ് ഇക്കാര്യത്തിൽ പരിചയസമ്പന്നരാണ് എന്നതിനാൽ തന്നെ മത്സരം മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് വെച്ചാണെങ്കിലും അവർക്ക് മുൻതൂക്കമുണ്ടെന്ന് പറയാൻ കഴിയും.

രണ്ടു പരിശീലകർക്കും ടീമിന് മേൽ മികച്ച ബന്ധമുള്ളത് മത്സരത്തിന് അപ്രവചനീയ സ്വഭാവം നൽകുന്നു. അതേസമയം ആദ്യപാദ മത്സരം കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റി തങ്ങളേക്കാൾ മികച്ച ടീമല്ലെന്ന ആത്മവിശ്വാസം റയൽ മാഡ്രിഡ് താരങ്ങൾക്ക് വന്നിട്ടുണ്ട്. ആത്മവിശ്വാസമുള്ള റയലിനെ തോൽപ്പിക്കുക പ്രയാസമാണ് എന്നതിനാൽ അത് തകർക്കാൻ തന്നെയാവും മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുക.

5/5 - (1 vote)