❝ഈഡൻ ഹസാർഡിന്റെ നിഴലിൽ നിന്നും പുറത്തു കടന്ന് കഴിവ് തെളിയിച്ച് തോർഗൻ ഹസാഡ് ❞

തോർഗൻ ഹസാർഡിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ പോർചുഗലിനെതിരെ നേടിയ മനോഹരമായ വിജയ ഗോൾ. സഹോദരൻ ഈഡൻ ഹസാർഡിന്റെ നിഴലിൽ നിന്നും പുറത്തു കടക്കുന്ന തരത്തിലുള്ള പ്രകടനമാണ് 28 കാരൻ ഈ യൂറോ ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്തത്. ആദ്യ പകുതി അവസാനിക്കാൻ മൂന്നു മിനുട്ടു മാത്രം ശേഷിക്കെ ബോക്സിനു പുറത്തു നിന്നും തൊടുത്തു വിട്ട വലം കാൽ റോക്കറ്റ് ഷോട്ടിലൂടെയാണ് ഡോർട്ട്മുണ്ട് താരം തോർഗൻ പോർച്ചുഗീസ് കീപ്പർ റൂയി പട്രീഷ്യോയെ മറികടന്നു ഗോൾ വല ചലിപ്പിച്ചത്.

വളരെക്കാലമായി മികച്ച ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും സഹോദരൻ ഈഡന്റെ നിഴലിൽ ആയി പോകുവാനായിരുന്നു തോർഗന്റെ വിധി. 2019 ൽ ബുണ്ടസ്ലിഗ എതിരാളികളായ ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് 25.5 ദശലക്ഷം ഡോളർ നൽകി ജർമൻ ഹെവി വെയ്റ്റസ് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കിയതോടെ തോർഗന്റെ കരിയർ തന്നെ മാറിമറിഞ്ഞു, ആദ്യ സീസണിൽ ഡോർട്ട്മുണ്ടിനായി മികച്ച പ്രകടനമാണ് തോർഗൻ പുറത്തെടുത്തത്.എന്നാൽ 2020-21 കാമ്പെയ്‌നിന്റെ ആദ്യ പകുതിയിൽ പരിക്ക് പറ്റുകയും കുറെ മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. ഈ സീസണിൽ ഡോർട്ട്മുണ്ടിനൊപ്പം ഡി‌എഫ്‌ബി-പോക്കൽ നേടാനും സാധിച്ചു.ഹസാർഡിന്റെ കരിയറിലെ ആദ്യ ട്രോഫിയായിരുന്നു ഇത്.

ഈ യൂറോയിൽ ബെൽജിയത്തിന്റെ ഒരു പ്രധാന കളിക്കാരനായി തോർഗൻ മാറിയിരിക്കുകയാണ്. മൂന്നു ഡിഫെൻഡർമാരെ അണിനിരത്തിയുള്ള ഫോർമേഷനിൽ മുന്നേറി കളിക്കുന്ന വിങ് ബാക്കിന്റെ റോളിലാണ് അദ്ദേഹത്തെ പരിശീലകൻ മാർട്ടിനെസ് വിന്യസിച്ചിരിക്കുന്നത്. മുന്നേറ്റത്തിൽ സഹോദരൻ ഈഡൻ ഹസാർഡിനൊപ്പം മികച്ച കൂട്ട കെട്ട് പടുത്തുയർത്താനും സാധിച്ചു. “വളരെക്കാലമായി, ഈഡൻ എനിക്ക് ഫുട്ബോളിൽ ശരിയായ പാത കാണിച്ചുതന്നിട്ടുണ്ട്, ഞാൻ അദ്ദേഹത്തെ പിന്തുടരാൻ ശ്രമിക്കുന്നു ,ഈഡനുമൊത്തുള്ള ദേശീയ ടീമിൽ അവസരം ലഭിക്കാൻ ഞാൻ എന്റെ ക്ലബിൽ കഠിനമായി പരിശ്രമിച്ചു ” തോർഗാൻ പറഞ്ഞു.

ഈഡനും തോർഗനും ഇടത് വിങ്ങിൽ ഒരേ സ്ഥാനത്ത് കളിക്കുന്നുണ്ടെങ്കിലും അവർ വ്യത്യസ്ത കളിക്കാരാണ്. ഒപ്പം വ്യത്യസ്ത കഥാപാത്രങ്ങളും. അത്കൊണ്ട് തന്നെ ഇരുവരും ഒരുമിച്ച് കളിക്കുന്നത് ടീമിന് കൂടുതൽ ഗുണം ചെയ്യുന്നുണ്ട്. 2013 ൽ ദേശീയ അംഗമായെങ്കിലും സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ആ സ്ഥാനവും നിലനിർത്താൻ തോർഗ്ഗനായില്ല.2016 ൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് ടീമിന്റെ ചുമതലയേൽക്കുമ്പോൾ തോർഗൻ ടീമിന് പുറത്തായിരുന്നു. എന്നാൽ ടീമിൽ ഒന്നിൽ കൂടുതൽ പൊസിഷനിൽ കളിക്കാൻ സാധിക്കുന്ന തോർഗനെ പോലെയുള്ള താരങ്ങളെ മാർട്ടിനെസ് കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ താരം ടീമിൽ സ്ഥിരംഗമായി മാറി.

ഇന്ന് ഇറ്റലിക്കെതിരെ നടക്കുന്ന നിർണായക ക്വാർട്ടർ പോരാട്ടത്തിൽ സഹോദരൻ ഈഡൻ ഹസാർഡിന്റെ അഭാവത്തിൽ ടീമിന്റെ ഇടതു വിങ്ങിലെ മുന്നേറ്റ ചുമതല തോർഗാന്റെ ചുമലിലാണ്. ബെൽജിയത്തിന്റെ സുവർണ നിരയേ യൂറോ കിരീടത്തിലേക്ക് നയിക്കുക എന്ന വലിയ ലക്‌ഷ്യം തന്നെയാണ് തോർഗന്റെ മുന്നിലുള്ളത്. ഇതുവരെ യൂറോയിൽ പ്രധാനപ്പെട്ട രണ്ടു ഗോളുകളും നേടാൻ തോർഗ്ഗനായിട്ടുണ്ട്.

Rate this post