നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പരിക്കു പറ്റി പുറത്തായ മൂന്നു താരങ്ങൾ തിരിച്ചെത്താൻ സാധ്യത. മുന്നേറ്റനിര താരങ്ങളായ ഡെംബലെ, ഗ്രീസ്മാൻ പ്രതിരോധനിര താരം ലെങ്ലറ്റ് എന്നിവരാണ് നിർണായക പോരാട്ടത്തിനിറങ്ങാൻ സാധ്യതയുള്ളത്. ഇന്ന് മൂവരും ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.
കഴിഞ്ഞ ജനുവരി മുതൽ പരിക്കേറ്റു പുറത്തിരിക്കുന്ന ഡെംബലെ തിരിച്ചെത്തിയാൽ അതു ബാഴ്സയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. തന്റെ വേഗത കൊണ്ട് ഏതു പ്രതിരോധനിരയെയും കീറി മുറിക്കാൻ കഴിവുള്ള താരമാണ് ഡെംബലെ. അതിനൊപ്പം ഗ്രീസ്മനും പ്രതിരോധത്തിൽ ലെങ്ലെറ്റും ചേരുന്നതോടെ ബാഴ്സ ഏറെക്കുറെ ശക്തമാകും.
ഈ മൂന്നു താരങ്ങൾക്കും മത്സരം നഷ്ടപ്പെടുമെന്നായിരുന്നു മുൻപു പറഞ്ഞിരുന്നത്. എന്നാൽ ഇന്നു മൂന്നു പേരും ഒറ്റതിരിഞ്ഞു പരിശീലനം നടത്തിയത് ലാലിഗ കിരീടം നഷ്ടമായ നിരാശയിലിരിക്കുന്ന ബാഴ്സക്കു പ്രതീക്ഷ പകരുന്നതാണ്. പരിശീലനത്തിനു മുൻപു നടത്തിയ കൊവിഡ് പരിശോധനയിൽ എല്ലാ താരങ്ങൾക്കും നെഗറ്റീവ് റിസൾട്ട് ലഭിക്കുകയും ചെയ്തു.
അതേസമയം ഉംറ്റിറ്റി, അറൗഹോ എന്നിവർക്കു പരിക്കു മൂലം മത്സരം നഷ്ടപ്പെടാൻ സാധ്യതയുള്ളത് പ്രതിരോധത്തിൽ ബാഴ്സക്കു തലവേദനയാണ്. ആർതർ ഇനി ബാഴ്സക്കായി കളിക്കുന്നില്ലെന്ന തീരുമാനമെടുത്തതിനാൽ താരവും ചാമ്പ്യൻസ് ലീഗിനുണ്ടായേക്കില്ല.