ഈ സീസണിന്റെ മധ്യത്തിൽ വെച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറയേണ്ടി വന്നത്.പിയേഴ്സ് മോർഗന് നൽകിയ ഇന്റർവ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരസ്യമായി വിമർശിക്കുകയായിരുന്നു.ഇതോടുകൂടി താരത്തിന്റെ കരാർ യുണൈറ്റഡ് റദ്ദാക്കുകയും റൊണാൾഡോ സൗദി അറേബ്യയിലേക്ക് പോവുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി ആരായിരിക്കും എന്നുള്ളത് ആരാധകർക്കിടയിലെ സംസാര വിഷയമാണ്.2 താരങ്ങൾ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിലേക്ക് പുതുതായി എത്തിയിരുന്നു.വെഗോസ്റ്റും സാബിറ്റ്സറുമായിരുന്നു താരങ്ങൾ.രണ്ടുപേർക്കും ഏഴാം നമ്പർ ജേഴ്സിക്ക് വേണ്ടി ശ്രമിക്കാമായിരുന്നു.പക്ഷെ വെഗോസ്റ്റ് 27ഉം സാബിറ്റ്സർ 15ഉം ആണ് തിരഞ്ഞെടുത്തത്.
ഒരുപാട് ഇതിഹാസങ്ങൾ അണിഞ്ഞിട്ടുള്ള ജേഴ്സിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പർ ജേഴ്സി.അതിന്റെ പുതിയ അവകാശി അടുത്ത സീസണിൽ ഉണ്ടായിരിക്കും. മൂന്ന് താരങ്ങളാണ് പ്രധാനമായും ആ ജേഴ്സിക്ക് വേണ്ടി പോരാടുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഒന്നാമത്തെ താരം ജേഡൻ സാഞ്ചോയാണ്.ഇംഗ്ലീഷ് താരമായ ഇദ്ദേഹത്തിനാണ് പലരും വലിയ സാധ്യത കൽപ്പിക്കുന്നത്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ വലിയ ഒരു മികവിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞിട്ടില്ല.ഡോർട്മുണ്ടിൽ 137 മത്സരങ്ങളിൽ നിന്ന് 50 ഗോളുകളും 64 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
മറ്റൊരു ഓപ്ഷൻ അലജാൻഡ്രോ ഗർനാച്ചോയാണ്.അർജന്റീനയുടെ യുവ പ്രതിഭയായ ഇദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി വാഗ്ദാനമാണ്.ഒരു വലിയ കരാർ താരത്തിന് യുണൈറ്റഡ് ഓഫർ ചെയ്തിട്ടുണ്ട്.നിലവിൽ 49ആം നമ്പർ ജേഴ്സിയാണ് അദ്ദേഹം അണിയുന്നത്.
Three Man Utd stars competing for iconic No7 shirt after Ronaldo was axed https://t.co/czpavpggel
— The Sun – Man Utd (@SunManUtd) February 8, 2023
അവസാനത്തെ ഓപ്ഷൻ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയാണ്.നിലവിൽ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയാണ് അദ്ദേഹം അണിയുന്നത്.അദ്ദേഹത്തിന് പൊതുവേ പതിനൊന്നാം നമ്പർ ജേഴ്സിയോടാണ് താല്പര്യം.എന്നിരുന്നാലും ഏഴാം നമ്പർ ജേഴ്സിക്ക് അർഹനാവുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.മാത്രമല്ല വരുന്ന സമ്മറിൽ കെയ്ൻ,ഒസിമെൻ തുടങ്ങിയ താരങ്ങളെയും യുണൈറ്റഡ് ലക്ഷ്യം വെക്കുന്നുണ്ട്.പുതുതായി എത്തുന്ന താരങ്ങൾക്ക് ഏഴാം നമ്പർ ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.