കിരീടമാണ് ലക്‌ഷ്യം, അർജന്റീനയെ നേരിടുന്നതിൽ ആശങ്കയോ സമ്മർദമോ ഇല്ലെന്ന് ദെഷാംപ്‌സ് |Qatar 2022

2022 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ അർജന്റീനയെ നേരിടുന്നതിൽ സമ്മർദമോ ആശങ്കയോ ഇല്ലെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. കിരീടം നേടുകയെന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി ശ്രദ്ധ കേന്ദ്രീകരിച്ച് പൊരുതേണ്ട മറ്റൊരു മത്സരമായാണ് ഫൈനലിനെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിൽ കീഴടക്കി കിരീടം ഉയർത്തിയ ഫ്രാൻസ് ഇത്തവണയും വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് ഫൈനലിനായി ഇറങ്ങുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.

“ഞങ്ങൾ ഇവിടെ വരെയെത്തി, അർജന്റീനക്കെതിരായ മത്സരത്തിനു മുൻപ് എല്ലാ രീതിയിലും തയ്യാറെടുത്തു കഴിഞ്ഞു. സ്‌കലോണിക്കും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സൗദി അറേബ്യയുമായുള്ള ആദ്യത്തെ മത്സരത്തിൽ അവർ തോറ്റെങ്കിലും ഇവിടെ വരെയെത്തി. എല്ലാ ടീമുകളെയും ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല. പക്ഷെ കളിച്ച മത്സരങ്ങളിൽ വിജയികളായി തന്നെയാണ് ഞങ്ങൾ വന്നത്. അർജന്റീനക്കെതിരായ ഫൈനൽ മത്സരത്തെക്കുറിച്ച് ആലോചിച്ച് എനിക്കെന്തെങ്കിലും പ്രത്യേക ആശങ്കയോ സമ്മർദ്ദമോ ഇല്ല.”

“ഇതുപോലെയുള്ള മത്സരങ്ങൾക്കായി ഒരുങ്ങുമ്പോൾ ശ്രദ്ധ നഷ്‌ടപെടാതെ നോക്കുക, ഒറ്റക്കെട്ടായി നിൽക്കുക. ലോകകപ്പ് ഫൈനൽ പോലെയൊരു മത്സരമാകുമ്പോൾ അതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവും ഉണ്ടാകേണ്ടത്. കിരീടവുമായി വരികയെന്നതാണ് ലക്‌ഷ്യം. അർജന്റീനയിലെയും, ലോകത്തിലെയും, ചിലപ്പോൾ ഫ്രാൻസിലെയും ഒരുപാടാളുകൾ മെസി കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ ഞങ്ങൾക്ക് പ്രധാനം ഞങ്ങളുടെ ലക്ഷ്യമാണ്, അതിലേക്കെത്താൻ സാധ്യമായതെല്ലാം ചെയ്യും.” അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം ഫ്രാൻസ് പരിശീലകസ്ഥാനത്ത് തുടരുമോയെന്ന കാര്യത്തിൽ ദെഷാംപ്‌സ് വ്യക്തമായൊരു മറുപടി പറഞ്ഞില്ല. ഫ്രാൻസിനു വേണ്ടി കളിക്കാൻ കഴിഞ്ഞതും ടീമിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണെന്നു പറഞ്ഞ അദ്ദേഹം ടീമാണ് ഏറ്റവും വലുതെന്നും താനെന്ന വ്യക്തിക്ക് അവിടെ യാതൊരു പ്രാധാന്യമില്ലെന്നും പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം 2024 യൂറോ വരെ ദെഷാംപ്‌സ് തുടരാൻ സാധ്യതയുണ്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന് അദ്ദേഹം തുടരണമെന്നു തന്നെയാണ്.

Rate this post
ArgentinaFIFA world cupQatar2022