യൂറോപ്പിലെ സൂപ്പർ സ്‌ട്രൈക്കർമാരെ മറികടന്ന് 2022 ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ അർജന്റീനക്കാരൻ

2022 ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന ചോദ്യം ഫുട്ബോൾ ആരാധകരുടെ മുന്നിലെത്തുമ്പോൾ ലഭിക്കുന്ന ഉത്തരങ്ങൾ കരീം ബെൻസീമ ,എംബപ്പേ ,ലെവെൻഡോസ്‌കി എന്നി സൂപ്പർ താരങ്ങളുടെ പേരുകളായിരിക്കും. എന്നാൽ 2022 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബ്രസീലിൽ കളിക്കുന്ന ഒരു അര്ജന്റീന താരമാണ്.

അർജന്റീനക്കാരനായ ജർമ്മൻ കാനോയാണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന് വേണ്ടിയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്.30 ഗോളുകളാണ് ഈ വർഷം കാനോ നേടിയിട്ടുള്ളത്. യൂറോപ്പിലെ ടോപ് സ്‌ട്രൈക്കർമാരെ തോൽപ്പിക്കുകയും ബ്രസീലിയൻ ആരാധകരെ കീഴടക്കുകയും ചെയ്ത അർജന്റീന സ്‌ട്രൈക്കർ റെക്കോർഡ് നേട്ടത്തോടെ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഖത്തർ 2022 ലോകകപ്പിനുള്ള അര്ജന്റീന ടീമിൽ താരത്തെ ഉൾപ്പെടുത്തണം എന്ന ആവശ്യം പല ആരാധകരും ഉന്നയിക്കുന്നുണ്ട്.

ലോമാസ് ഡി സമോറ സ്വദേശിയായ 34 കാരനായ ജർമ്മൻ കാനോ ഈ സീസണിലാണ് മറ്റൊരു ബ്രസീലിയൻ ക്ലബായ വാസ്കോ ഡ ഗാമയിൽ നിന്നും ഫ്ലൂമിനൻസിലേക്കെത്തുന്നത്.സോഫ സ്‌കോർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 49 ഗെയിമുകളിൽ നിന്ന് 30 ഗോളുകളാണ് കാനോ നേടിയത്. ഒരു ഗോൾ പോലും കാനോ പെനാൽറ്റിയിൽ നിന്നും നേടിയിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള എംബപ്പേ ഈ വർഷം 27 ഗോളുകളാണ് നേടിയിട്ടുള്ളത്.25 ഗോളുകൾ നേടിയ മിട്രോവിച്ചാണ് മൂന്നാം സ്ഥാനത്ത്.25 ഗോളുകൾ നേടിയ ബെൻസിമയും 24 ഗോളുകൾ നേടിയ ഹൾക്കുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്.

ഈ നൂറ്റാണ്ടിൽ ഇതുവരെ 30 ഗോളുകൾ എന്ന മാർക്ക് നേടുന്ന ആറാമത്തെ കളിക്കാരനാണ്. മാഗ്‌നോ ആൽവ്‌സ് (39), ടുട്ട (33), വാഷിംഗ്ടൺ (37), ഫ്രെഡ് (2011-ൽ 34, 2012-ൽ 30), ഹെൻറിക് ഡൗറാഡോ (32) എന്നിവരായിരുന്നു ഇതിനുമുമ്പ് ഇത് നേടിയത്.2008-ൽ ലാനസിൽ അരങ്ങേറ്റം കുറിച്ച കാനോ പ്രാദേശിക ഫുട്‌ബോളിൽ നിരവധി ക്ലബ്ബുകളിൽ കളിച്ചെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. അതിനു ശേഷം പരാഗ്വേ ,കൊളംബിയ ,മെക്സിക്കോ എന്നിവിടങ്ങളിൽ കളിച്ചതിന് ശേഷമാണ് താരം ബ്രസീലിൽ എത്തിയത്.

Rate this post