കളിക്കിടയിൽ ടോട്ടനം പ്രതിരോധതാരം കക്കൂസിലേക്കോടി, പിന്നാലെ പോയി താരത്തെ തിരിച്ചെത്തിച്ച് മൊറീന്യോ

വെട്ടു തടുക്കാൻ പറ്റിയാലും മുട്ടു തടുക്കാൻ പറ്റില്ലെന്ന പഴയ ചൊല്ലിനെ ശരിവെക്കുന്ന സംഭവങ്ങളാണ് ഇന്നലെ ചെൽസിയും ടോട്ടനവും തമ്മിലുള്ള കറബാവോ കപ്പ് മത്സരത്തിലുണ്ടായത്. മത്സരത്തിനിടയിൽ പ്രകൃതിയുടെ വിളി വന്ന ടോട്ടനം പ്രതിരോധ താരം എറിക് ഡയർ കളിക്കിടയിൽ മൈതാനം വിടുകയായിരുന്നു. മത്സരത്തിൽ ചെൽസി ഒരു ഗോളിനു മുന്നിൽ നിൽക്കുമ്പോഴാണ് ഇതുണ്ടായത്.

ഡയർ പോയതോടെ പത്തു പേരുമായാണ് ടോട്ടനത്തിനു കളിക്കേണ്ടി വന്നത്. ഈ സമയത്ത് മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ച ചെൽസി ഗോൾ നേടുന്നതിന്റെ അടുത്തെത്തിയതോടെ മൗറീന്യോയുടെ ക്ഷമ നശിച്ചു. ഡയറിനു പിന്നാലെ ഡ്രസിംഗ് റൂമിലേക്കു പോയ മൗറീന്യോ താരത്തെ വിളിച്ച് മൈതാനത്തേക്കു തിരിച്ചെത്തിക്കുകയും ചെയ്തു.

മത്സരത്തിനു ശേഷം സംഭവത്തിൽ രസകരമായ പ്രതികരണവുമായി ഡയർ രംഗത്തെത്തുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാമിൽ ടോയ്ലറ്റിന്റെ ചിത്രമിട്ട ഡയർ ഇന്നത്തെ മാൻ ഓഫ് ദ മാച്ചാണെന്നാണ് അതിനു ക്യാപ്ഷൻ ചെയ്തത്.

കളിയിൽ പെനാൽട്ടി ഷൂട്ടൗട്ടിലാണ് ടോട്ടനം വിജയം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരു ഗോളാണു നേടിയിരുന്നത്. എന്നാൽ ഷൂട്ടൗട്ടിൽ ചെൽസി യുവതാരം മേസൻ മൗണ്ട് പെനാൽട്ടി നഷ്ടപ്പെടുത്തുകയായിരുന്നു.

Rate this post