ഖത്തർ ലോകകപ്പിലെ ഗംഭീര പ്രകടനം, അർജന്റീന താരത്തെ നോട്ടമിട്ട് വമ്പൻ ക്ലബുകൾ |Qatar 2022

ഖത്തർ ലോകകപ്പ് ആരംഭിക്കാൻ ഒരാഴ്‌ചയോളം മാത്രമുള്ളപ്പോഴാണ് ടീമിന് കനത്ത തിരിച്ചടി നൽകി മധ്യനിര താരം ജിയോവാനി ലോ സെൽസോ അർജന്റീന ടീമിൽ നിന്നും പുറത്തു പോകുന്നത്. ലയണൽ സ്‌കലോണിയുടെ പദ്ധതികളിൽ സ്ഥിരസാന്നിധ്യമായ താരത്തിന്റെ അസാന്നിധ്യം അർജന്റീന ടീമിന് തിരിച്ചടി നൽകുമെന്ന് ഏവർക്കും ഉറപ്പായിരുന്നു. ലോ സെൽസോക്ക് പകരം പപ്പു ഗോമസിനെ ഇറക്കിയ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന തോൽവി വഴങ്ങുകയും ചെയ്‌തതോടെ വിയ്യാറയൽ താരത്തിന്റെ അസാന്നിധ്യം നികത്താൻ കഴിയാത്ത ഒരു വിടവാകും എന്ന് ഏവരും ഉറപ്പിച്ചു.

എന്നാൽ ലൊ സെൽസോയുടെ അസാന്നിധ്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റണു വേണ്ടി കളിക്കുന്ന അലക്‌സിസ് മാക് അലിസ്റ്റർ നികത്തുന്നതാണ് പിന്നീടുള്ള മത്സരങ്ങളിൽ കണ്ടത്. രണ്ടാമത്തെ മത്സരം മുതൽ അർജന്റീന ടീമിന്റെ മധ്യനിരയിൽ സ്ഥിരസാന്നിധ്യമായ ഇരുപത്തിമൂന്നുകാരനായ താരം പിന്നീട് എല്ലാ മത്സരങ്ങളിലും അർജന്റീന ടീമിൽ സ്ഥിരസാന്നിധ്യമായി മാറി. പോളണ്ടിനെതിരെ നടന്ന അവസാനത്തെ നിർണായക ഗ്രൂപ്പ് മത്സരത്തിൽ സമനിലപ്പൂട്ടു പൊളിച്ച് അർജന്റീനയുടെ ഗോൾ നേടിയതും മാക് അലിസ്റ്റർ ആയിരുന്നു. പിന്നീടുള്ള ഓരോ മത്സരങ്ങളിലും ടീമിനായി മികച്ച പ്രകടനം തുടരാനും അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിക്കാനും താരത്തിനു കഴിഞ്ഞു.

അർജന്റീന ടീമിനു വേണ്ടിയുള്ള മാക് അലിസ്റ്ററുടെ പ്രകടനം യൂറോപ്പിലെ വമ്പൻ ടീമുകൾക്ക് താരത്തിൽ താല്പര്യമുണ്ടാകാൻ കാരണമായിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്രം കോനൂരിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിമൂന്നുകാരനായ താരത്തിനായി ഇറ്റാലിയൻ ക്ലബുകളായ ഇന്റർ മിലാൻ, യുവന്റസ് എന്നിവരും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്പേറും സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡുമാണ് ശ്രമം നടത്തുന്നത്. ലോകകപ്പിന് ശേഷമുള്ള ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരത്തിനായി വലിയൊരു പോരാട്ടം നടക്കുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

മധ്യനിര താരാമാകാനെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണു വേണ്ടി തകർപ്പൻ പ്രകടനമാണ് മാക് അലിസ്റ്റർ നടത്തുന്നത്. പതിനാല് മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്. ഈ പ്രകടനമാണ് അർജന്റീന ടീമിൽ താരത്തിന് ഇടം ലഭിക്കാനുള്ള പ്രധാന കാരണം. ലോകകപ്പിലെ പ്രകടനത്തോടെ ടീമിലെ പ്രധാന താരമായി മാറാൻ മാക് അലിസ്റ്റർക്ക് കഴിഞ്ഞു. യൂറോപ്പിലെ ഏതെങ്കിലും വമ്പൻ ക്ലബിലേക്കെത്തിയാൽ ചാമ്പ്യൻസ് ലീഗ് പോലെയുള്ള പ്രധാന ടൂർണമെന്റുകളിൽ കളിച്ച് തന്റെ പരിചയസമ്പത്ത് വളർത്തിയെടുക്കാനും താരത്തിന് കഴിയും.

Rate this post