ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം പരിശീലകനായി തന്റെ ആദ്യ ജയം കുറിച്ചിരിക്കുകയാണ് അന്റോണിയോ കൊണ്ടേ. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.ആദ്യ പകുതിയുടെ അവസാന നിമിഷം ജാക് ഹാരിസന്റെ പാസിൽ നിന്നും ഡാനിയേൽ ജെയിംസ് നേടിയ ഗോളിൽ ലീഡ്സ് ലീഡ് നേടി.
രണ്ടാം പകുതിയുടെ 58 മത്തെ മിനിറ്റിൽ ലൂക്കാസ് മൗറയുടെ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഡാനിഷ് താരം ഹോൽബെയിർ ടോട്ടൻഹാമിന് സമനില നേടിക്കൊടുത്തു.11 മിനിട്ടുകൾക്ക് ശേഷം ലഭിച്ച അവസരം ലക്ഷ്യം കണ്ട ഇടത് ബാക്ക് സെർജിയോ റെഗുലിയോൻ ടോട്ടൻഹാമിനു വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. ജയം കണ്ടെങ്കിലും തുടർച്ചയായ നാലാം മത്സരത്തിലും ഗോൾ നേടാൻ ആവാത്ത ഹാരി കെയിൻ, സോൺ എന്നിവരുടെ ഫോം കോന്റെക്ക് തലവേദന ആണ്. ജയത്തോടെ ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു ഏഴാം സ്ഥാനത്ത് എത്തി.
ഇറ്റാലിയൻ സിരി എ യിൽ സീസണിലെ ആദ്യ പരാജയം രുചിച്ച് നാപോളി .ഇന്നലെ നടന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മിലൻ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നാപോളിയെ പരാജയപ്പെടുത്തിയത്. 17 മത്തെ മിനിറ്റിൽ ഇൻസിഗ്നെയുടെ പാസിൽ നിന്നു സെലിൻസ്കിയിലൂടെ നാപ്പോളി ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. എന്നാൽ കോലിബാലിയുടെ ഹാന്റ് ബോൾ ഇന്റർ മിലാനു പെനാൽട്ടി സമ്മാനിച്ചപ്പോൾ 25 മത്തെ മിനിറ്റിൽ ഹകൻ ഇന്ററിന് പെനാൽട്ടിയിൽ നിന്നു സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഹകന്റെ പാസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇവാൻ പെരിസിച്ച് ഇന്ററിനെ മത്സരത്തിൽ ആദ്യമായി മുന്നിലെത്തിച്ചു.
61 മത്തെ മിനിറ്റിൽ ഒരു പ്രത്യാക്രമണത്തിൽ ജോക്വിൻ കൊറയയുടെ പാസിൽ നിന്നു ലൗടാര മാർട്ടിനസ് ഇന്ററിന് മൂന്നാം ഗോൾ സമ്മാനിച്ചു. തുടർന്ന് 78 മത്തെ മിനിറ്റിൽ കോലിബാലിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മെർട്ടൻസ് നാപ്പോളിക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങാതെ ഇന്റെർ പിടിച്ചു നിന്നു. ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള ഇന്റർ മിലാൻ ഒന്നാമതും രണ്ടാമതുമുള്ള നാപ്പോളി, എ. സി മിലാൻ എന്നിവരുമായുള്ള പോയിന്റ് വ്യത്യാസം നാല് ആയി കുറച്ചു.
മറ്റൊരു മത്സരത്തിൽ എസ് റോമാ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജനോവയെ പരാജയപ്പെടുത്തി. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കു ശേഷമാണ് മൗറീഞ്ഞോയുടെ റോമാ വിജയം നേടുന്നത്.82 മത്തെ മിനിറ്റിൽ ഹെൻറിക് മിക്യത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെലിക്സ് റോമക്ക് നിർണായക ഗോൾ സമ്മാനിച്ചു. സീരി എയിൽ ഗോൾ നേടുന്ന 2003 ൽ ജനിച്ച ആദ്യ താരമായി ഫെലിക്സ് ഇതോടെ. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലൂടെ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ഫെലിക്സ് റോമ ജയം ആധികാരികമാക്കുക ആയിരുന്നു. ജയത്തോടെ റോമ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
വലൻസിയയോട് സ്വന്തം തട്ടകത്തിൽ 0-0ന് സമനില വഴങ്ങിയതോടെ ലാ ലീഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപെടുത്തിയിരിക്കുകയാണ് റക്അയാൾ സോസിഡാഡ്.ഗ്രാനഡയെ 3-1ന് തോൽപ്പിച്ച കാർലോ ആൻസലോട്ടിയുടെ റയൽ മാഡ്രിഡ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 76-ാം മിനിറ്റിൽ സോസോഡാഡ് താരം അരിറ്റ്സ് എലുസ്റ്റോണ്ടോയ്ക്ക് ചുവപ്പ് കാർഡ് ലഭിക്കക്വാകയും ചെയ്തു. 14 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി റയലിന് ഒരു പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ് സോസോഡാഡ്.18 പോയിന്റുമായി വലൻസിയ 10 ആം സ്ഥാനത്താണ്.
ഫ്രഞ്ച് ലീഗ് വണ്ണിൽ ആരാധകരുടെ മോശം പെരുമാറ്റം എല്ലാ കാലത്തും ഉള്ളതാണ് . ഇന്നലെ നടന്ന ലിയോൺ, മാഴ്സെ മത്സരത്തിലും കാണികൾ മോശം പെരുമാറ്റം പുറത്ത് എടുത്തതോടെ മത്സരം അധികൃതർ ഉപേക്ഷിക്കുക ആയിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ കോർണർ എടുക്കാൻ പോയ മാഴ്സെ ക്യാപ്റ്റൻ ദിമിത്രി പയറ്റിന് നേരെ ലിയോൺ കാണികൾ വെള്ള കുപ്പി എറിയുക ആയിരുന്നു. ഏറു കൊണ്ട പയറ്റ് പരിക്കേറ്റു വീഴുകയും ഉണ്ടായി. തുടർന്ന് പ്രതിഷേധിച്ച മാഴ്സെ താരങ്ങൾ കളം വിടുക ആയിരുന്നു. സീസണിൽ ഇത് ആറാം തവണയാണ് ഫ്രഞ്ച് കാണികളുടെ മോശം പെരുമാറ്റം കാരണം മത്സരം നിർത്തി വക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്.