ചെൽസി പരിശീലകസ്ഥാനത്ത് ഒന്നര വർഷത്തോളമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടീമിനു വേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പരിശീലകനാണ് തോമസ് ടുഷെൽ. സ്ഥാനമേറ്റെടുത്ത് അഞ്ചു മാസത്തിനകം ടീമിനു ചാമ്പ്യൻസ് ലീഗ് കിരീടം സമ്മാനിച്ച അദ്ദേഹത്തിനു കീഴിൽ യുവേഫ സൂപ്പർകപ്പ്, ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങളും ചെൽസി നേടി. സമകാലീന ഫുട്ബോളിലെ മികച്ച പരിശീലകരിൽ ഒരാളായതിനാൽ തന്നെ അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം പലരെയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.
ഈ സീസണിൽ ചെൽസിയുടെ മോശം ഫോമാണ് ജർമൻ പരിശീലകൻ ടീമിൽ നിന്നും ഒഴിവാക്കപ്പെടാനുണ്ടായ പ്രധാന കാരണം. പ്രീമിയർ ലീഗിൽ കളിച്ച ആറു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രം വിജയിച്ച ടീം ചാമ്പ്യൻസ് ലീഗിൽ ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബിനോടും തോൽവി വഴങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കിയത്. തോമസ് ടുഷെലിനു പകരക്കാരനായി പ്രീമിയർ ലീഗിലെ തന്നെ ക്ലബായ ബ്രൈറ്റണിന്റെ പരിശീലകനായിരുന്ന ഗ്രഹാം പോട്ടറെ ചെൽസി നിയമിക്കുകയും ചെയ്തു.
അതേസമയം ചെൽസിയിൽ നിന്നും ഒഴിവാക്കപ്പെട്ട തോമസ് ടുഷെലിന് അതിനേക്കാൾ മികച്ച ഓഫറാണ് ഇനി വരാൻ പോകുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബായ റയൽ മാഡ്രിഡാണ് ജർമൻ പരിശീലകനെ ലക്ഷ്യമിടുന്നത്. കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് വിടുമ്പോൾ അദ്ദേഹത്തിന് പകരക്കാരനായാണ് റയൽ മാഡ്രിഡ് തോമസ് ടുഷെലിനെ പരിഗണിക്കുന്നത്.
Never forget Thomas Tuchel's reaction when the Chelsea fans unveiled this banner for him 🥺💙 pic.twitter.com/mnr15tLhxP
— ESPN FC (@ESPNFC) September 7, 2022
കഴിഞ്ഞ സീസണിൽ റയലിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുത്ത ആൻസലോട്ടി എപ്പോഴാണ് റയൽ മാഡ്രിഡ് വിടുകയെന്ന കാര്യത്തിൽ തീർച്ചയൊന്നും ഇല്ലെങ്കിലും ഈ സീസണിനു ശേഷം അത് സംഭവിക്കാൻ വളരെയധികം സാധ്യതയുണ്ട്. അറുപത്തിമൂന്ന് വയസുള്ള ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡ് വിടുന്നതോടെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അറിയിച്ചിരുന്നു. ആൻസലോട്ടി റയൽ മാഡ്രിഡ് വിടുകയാണെങ്കിൽ ടുഷേലാണ് പകരക്കാരനായി ലോസ് ബ്ലാങ്കോസിന്റെ റഡാറിലുള്ളത്.
ചെൽസിയിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും അവരുടെ ആരാധകർക്ക് ടുഷെലിനെ വളരെയധികം മതിപ്പുണ്ട്. എതിരാളികൾക്കും മത്സരങ്ങൾക്കും അനുസരിച്ച് തന്ത്രങ്ങൾ മെനയുന്ന പ്രായോഗികവാദിയായ ജർമൻ പരിശീലകന് കുറച്ച് സമയം കൂടി ടീമിൽ അനുവദിക്കാമായിരുന്നുവെന്ന അഭിപ്രായമാണ് കൂടുതൽ പേർക്കും. അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ റയൽ മാഡ്രിഡിനും അതു നേട്ടമാണുണ്ടാക്കുക.