സമ്മർ ട്രാൻസ്ഫർ ജാലകം ആരംഭിച്ചതു മുതൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരുന്നു. താരത്തിന്റെ ഏജന്റായ ജോർജ് മെൻഡസ് യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് റൊണാൾഡോയുടെ സേവനം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രീമിയർ ലീഗ് ക്ലബായ ചെൽസിയും റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബായിരുന്നു. എന്നാൽ ചെൽസി പരിശീലകനായ തോമസ് ടുഷെൽ പോർച്ചുഗൽ സൂപ്പർതാരത്തെ തന്റെ ടീമിൽ വേണ്ടെന്ന ഉറച്ച നിലപാട് എടുത്തതിന്റെ ഭാഗമായാണ് റൊണാൾഡോ ചെൽസിയിൽ എത്താതിരുന്നത്.
ഇംഗ്ലീഷ് മാധ്യമമായ ദി ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ പുതിയ ഉടമയായ ടോഡ് ബോഹ്ലിക്ക് റൊണാൾഡോയെ ടീമിലെത്തിക്കാൻ വളരെയധികം താൽപര്യമുണ്ടായിരുന്നു. ചെൽസിയുടെ ആക്രമണനിരയെ റൊണാൾഡോയെ കേന്ദ്രീകരിച്ച് സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആശയം. റൊണാൾഡോയെ സ്വന്തമാക്കിയാൽ ചെൽസിക്ക് വിപണിയിൽ ഉണ്ടാകുന്ന നേട്ടങ്ങളും അദ്ദേഹം മനസ്സിൽ കണ്ടു കാണുമെന്നുറപ്പാണ്. എന്തായാലും ടീമിന്റെ പരിശീലകനായ തോമസ് ടുഷെൽ റൊണാൾഡോയെ സ്വന്തമാക്കുന്നതിനു പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചത്.
ടൈംസിന്റെ തന്നെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായിരുന്ന റാൽഫ് റാങ്നിക്കിനോട് ഉപദേശം തേടിയതിനു ശേഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വേണ്ടെന്ന തീരുമാനം തോമസ് ടുഷെൽ എടുത്തത്. റാങ്നിക്കുമായി അടുത്ത ബന്ധമാണ് ചെൽസി പരിശീലകനുള്ളത്. കഴിഞ്ഞ സീസണിൽ റൊണാൾഡോയെ പരിശീലിപ്പിച്ച റാങ്നിക്ക് താരത്തിനെതിരെ പലപ്പോഴും പരോക്ഷമായ വിമർശനം നടത്തിയിരുന്നു. ടുഷെൽ നിർദ്ദേശം തേടിയപ്പോഴും റൊണാൾഡോയെ ടീമിലെത്തിക്കേണ്ടെന്നാണ് റാങ്നിക്ക് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
REVEALED: Chelsea boss Thomas Tuchel rejected the chance to sign Cristiano Ronaldo 'after speaking with his former Man United boss Ralf Rangnick' https://t.co/Mub2mKFqg7
— MailOnline Sport (@MailSport) August 28, 2022
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്ന റൊണാൾഡോ ക്ലബിനൊപ്പം പ്രീ സീസൺ പരിശീലനത്തിലും നിരവധി മത്സരങ്ങളിലും പങ്കെടുത്തിരുന്നില്ല. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകളൊന്നും റൊണാൾഡോക്കു വേണ്ടി രംഗത്തു വരാതിരുന്നത് താരത്തിന്റെ പദ്ധതികൾക്ക് തിരിച്ചടിയായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്ന താരം സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടർന്നാൽ റൊണാൾഡോക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ നഷ്ടമാകുന്ന ആദ്യത്തെ സീസൺ ആയിരിക്കുമത്.