വേണ്ടത് രണ്ടു ഗോൾ, ഇതിഹാസത്തിന്റെ റെക്കോർഡ് തകർത്ത് മുന്നോട്ട് കുതിക്കാനൊരുങ്ങി മെസ്സി

കഴിഞ്ഞ ഹോണ്ടുറാസിനെതിരെയുള്ള മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന വിജയം നുണഞ്ഞിരുന്നത്. സൂപ്പർ താരം ലിയോ മെസ്സി രണ്ടുഗോളുകൾ നേടുകയായിരുന്നു. മറ്റൊരു ഗോൾ ലൗറ്ററോയായിരുന്നു സ്വന്തമാക്കിയിരിക്കുന്നത്.

ഈ രണ്ട് ഗോൾ നേട്ടത്തോടെ കൂടി ലയണൽ മെസ്സി അർജന്റീനയുടെ ജേഴ്സിയിൽ ആകെ 88 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.നിലവിൽ അന്താരാഷ്ട്ര ഫുട്ബോൾ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് മെസ്സി. അർജന്റീന ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഒന്നാമത്തെ താരവും ലാറ്റിനമേരിക്കയിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഒന്നാമത്തെ താരവും മെസ്സി തന്നെയാണ്.

മലേഷ്യൻ ഇതിഹാസമായ മുക്താർ ദഹാരിയാണ് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം. 89 ഗോളുകളാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം.1973 മുതൽ 1985 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം ഈ ഗോളുകൾ നേടിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് ഇദ്ദേഹത്തെ മറികടന്നുകൊണ്ട് മൂന്നാംസ്ഥാനം ഒറ്റക്ക് സ്വന്തമാക്കാൻ വേണ്ടത് ഇനി രണ്ടേ രണ്ട് ഗോളുകൾ മാത്രമാണ്.

ഇനി ഒരു ഗോൾ നേടുകയാണെങ്കിൽ മെസ്സി അദ്ദേഹത്തിനൊപ്പം മൂന്നാം സ്ഥാനം പങ്കിടും. അതേസമയം രണ്ടാം സ്ഥാനത്ത് ഇറാൻ ഇതിഹാസമായ അലി ദേയിയാണ് വരുന്നത്.109 ഗോളുകളാണ് ഇദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ വരുന്നു.117 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോ ഇപ്പോഴും അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമാണ്.

ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ ജമൈക്കയാണ്.നാളെ പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിലേത് പോലെ മെസ്സി ഈ മത്സരത്തിലും രണ്ടുഗോളുകൾ നേടിയാൽ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരമെന്ന റെക്കോർഡ് മെസ്സി കരസ്ഥമാക്കും.

Rate this post
ArgentinaLionel Messi