ലയണൽ മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് സജീവമായി ഉയർന്നു കേൾക്കുന്നത്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കിയിട്ടില്ലെന്നതു കൊണ്ടാണ് താരത്തിന്റെ ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിറയുന്നത്. ഫ്രാൻസിൽ തുടരാൻ മെസിക്ക് താല്പര്യമില്ലാത്തതിനാൽ അടുത്ത സമ്മറിൽ താരം ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അതിനിടയിൽ ലയണൽ മെസിയുടെ പിതാവ് ബാഴ്‌സലോണയിൽ എത്തിയത് താരം തന്റെ മുൻ ക്ലബ്ബിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ ലയണൽ മെസിയും കഴിഞ്ഞ ദിവസം ബാഴ്‌സലോണയിൽ എത്തിയിരുന്നു. മെസിയുടെ പിതാവും ബാഴ്‌സലോണയും തമ്മിൽ ചർച്ചകൾ നടത്തിയെന്ന് കാറ്റലോണിയ റേഡിയോയുടെ റിപ്പോർട്ടും അതിനൊപ്പം ഉണ്ടായിരുന്നു.
അതിനിടയിൽ കാറ്റലാൻ ജേർണലിസ്റ്റായ ജെറാർഡ് റോമെറോ മെസിയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്തു വിട്ടിട്ടുണ്ട്. കരാർ അവസാനിക്കുന്ന ലയണൽ മെസിയെ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിച്ചാൽ ക്ലബിനൊപ്പം തുടരുന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പു നൽകിയിരിക്കുകയാണ് ബാഴ്‌സലോണ താരങ്ങളായ ജോർദി ആൽബയും സെർജിയോ ബുസ്‌ക്വറ്റ്‌സും.
കഴിഞ്ഞ ദിവസം ഈ രണ്ടു താരങ്ങളെയും ബാഴ്‌സലോണയിൽ എത്തിയ മെസി സന്ദർശിച്ചിരുന്നു. എന്നാൽ മെസിയുടെ ആവശ്യപ്രകാരമല്ല ഈ രണ്ടു താരങ്ങളും താരത്തെ തിരിച്ചെത്തിക്കാനുള്ള സമ്മർദ്ദം ചെലുത്തുന്നത്. ജെറാർഡ് റോമെറോ പറയുന്നത് പ്രകാരം ഈ രണ്ടു താരങ്ങളും തങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ച് മെസിയുടെ തിരിച്ചുവരവിന് സഹായിക്കാൻ തയ്യാറാണ്.
🚨 Busquets & Alba will 100% stay at FC Barcelona if Leo Messi is signed! It is not a request from Messi, but rather they will reduce their salary to help with his return.@gerardromero [🎖️] pic.twitter.com/nYBs4kn2jA
— Managing Barça (@ManagingBarca) February 22, 2023
അതേസമയം കരാർ പുതുക്കാൻ പിഎസ്‌ജിയുമായി ചർച്ചയിലാണ് ലയണൽ മെസി. എന്നാൽ ഇതുവരെയും അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.