മെസിക്കു പിന്നിൽ രണ്ടു സൗദി ക്ലബുകൾ, ഓഫർ ചെയ്യുന്നത് റൊണാൾഡോയുടെ ഇരട്ടി പ്രതിഫലം

റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ ലയണൽ മെസിയും സൗദിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ അടുത്ത സമ്മറിൽ ലയണൽ മെസിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും താരത്തിന്റെ പിതാവ് ചർച്ചകൾക്കു വേണ്ടി സൗദിയിലേക്ക് പോയെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഇപ്പോൾ പുറത്തുവരുന്നത് പ്രകാരം ലയണൽ മെസിക്കായി ശ്രമം നടത്തുന്നത് ഒരു സൗദി ക്ലബ് മാത്രമല്ല. അൽ ഹിലാലിനു പുറമെ സൗദി അറേബ്യയിലെ മറ്റൊരു ക്ലബായ അൽ ഇതിഹാക്കിനും താരത്തിൽ താല്പര്യമുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. റൊണാൾഡോ എത്തിയതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ അൽ നസ്ർ ക്ലബ്ബിലേക്ക് തിരിഞ്ഞതോടെ അതിനെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവർ മെസിക്ക് വേണ്ടി ശ്രമം നടത്തുന്നത്.

ലയണൽ മെസിയെ സ്വന്തമാക്കാൻ വമ്പൻ തുകയാണ് ഈ ക്ലബുകൾ വാഗ്‌ദാനം ചെയ്യുന്നത്. റൊണാൾഡോയുടെ പ്രതിഫലം 175 മില്യൺ യൂറോയാണെങ്കിൽ ലയണൽ മെസിക്കായി ഈ രണ്ടു ക്ലബുകളും വാഗ്‌ദാനം ചെയ്യുന്നത് 306 മില്യൺ പൗണ്ടാണ്. റൊണാൾഡോക്ക് ലഭിക്കുന്നതിന്റെ ഇരട്ടി പ്രതിഫലം സൗദിയിലേക്ക് ചെക്കറിയാൽ ഇക്കഴിഞ്ഞ ലോകകപ്പ് കിരീടം അർജന്റീനക്ക് നേടിക്കൊടുത്ത താരത്തിന് ലഭിക്കുമെന്ന് വ്യക്തം.

ഇതേ റിപ്പോർട്ടുകൾ പ്രകാരം ഈ രണ്ടു ക്ലബുകളും ഫിഫയുടെ നടപടി നേരിടുകയാണ്. അതിനാൽ തന്നെ ഈ സീസൺ കഴിഞ്ഞതിനു ശേഷമേ ഇവർക്ക് പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയൂ. മെസി മാത്രമല്ല സൗദി ക്ലബുകളുടെ റഡാറിലുള്ള താരം. ഏഞ്ചൽ ഡി മരിയ, ലൂക്ക മോഡ്രിച്ച്, സെർജിയോ റാമോസ് തുടങ്ങിയ താരങ്ങളും സൗദി ക്ലബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്.

അതേസമയം മെസി ഈ ഓഫറുകൾ പരിഗണിക്കാൻ സാധ്യത കുറവാണ്. പിഎസ്‌ജി കരാർ ഈ സീസണിൽ അവസാനിക്കുമെങ്കിലും താരം അത് പുതുക്കാൻ തയ്യാറെടുക്കുകയാണെന്ന് ഫാബ്രിസിയോ റോമാനോ വെളിപ്പെടുത്തുന്നു. അതിനു പുറമെ യൂറോപ്പ് വിടുകയാണെങ്കിൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറാനാണ് മെസി താത്പര്യപ്പെടുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Rate this post
Lionel Messi