യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് എച്ചിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് ഒരു വമ്പൻ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്.ലീഗ് വൺ ശക്തികളായ പിഎസ്ജിയുടെ എതിരാളികൾ സിരി എ വമ്പൻമാരായ യുവന്റസാണ്.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസാണ് ഈ പോരാട്ടത്തിന് വേദിയാവുക. ഇന്ന് രാത്രി 12:30-നാണ് ഈ മത്സരം നടക്കുക.
മികച്ച രൂപത്തിലാണ് പിഎസ്ജി ഈ സീസണിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒരൊറ്റ മത്സരത്തിൽ പോലും ഇതുവരെ പിഎസ്ജി പരാജയം അറിഞ്ഞിട്ടില്ല. സൂപ്പർ കൂട്ടുകെട്ടായ ലയണൽ മെസ്സി,കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ എന്നിവരിൽ തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ.
അതേസമയം യുവന്റസിന് ഇപ്പോൾ അത്ര നല്ല സമയം ഒന്നുമല്ല. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്.സിരി എയിൽ ഏഴാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്.മുൻ പിഎസ്ജി താരങ്ങളായ ഡി മരിയ,പരേഡസ് എന്നിവർ നിലവിൽ യുവന്റസ് താരങ്ങളാണ്.
ഇതുവരെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കളിക്കാൻ അവസരം ലഭിക്കാത്ത താരമാണ് സെർജിയോ റാമോസ്. കഴിഞ്ഞ സീസണിലെ എല്ലാ മത്സരവും പരിക്കു മൂലം അദ്ദേഹത്തിന് നഷ്ടമായിരുന്നു. എന്നാൽ ഇന്ന് ചാമ്പ്യൻസ് ലീഗിൽ റാമോസ് പിഎസ്ജിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയേക്കും. അതുപോലെതന്നെ ആരാധകർ ഏറെ ഉറ്റുനോക്കുന്നത് സൂപ്പർ താരം നെയ്മർ ജൂനിയറുടെ പ്രകടനമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ പോലും നേടാൻ നെയ്മർക്ക് കഴിഞ്ഞിരുന്നില്ല. ആ ഗോൾ ക്ഷാമത്തിന് അറുതി വരുത്താൻ ഇത്തവണ താരത്തിന് കഴിയുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.
ചെറിയ പ്രശ്നമുണ്ടായിരുന്ന വിറ്റിഞ്ഞ മടങ്ങി എത്തിയേക്കും. ജയിച്ചുകൊണ്ട് തുടങ്ങാനാവും ഇന്ന് പിഎസ്ജി ഉദ്ദേശിക്കുന്നത്.സ്വന്തം ആരാധകർക്ക് മുന്നിൽ ഒരു തകർപ്പൻ പ്രകടനം തന്നെ പിഎസ്ജി താരനിര പുറത്തെടുക്കുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.
പിഎസ്ജിയുടെ സാധ്യത ഇലവൻ ഇതാ.ഡോണാരുമ്മ, റാമോസ്, മാർക്വിനോസ്, കിംപെംബെ; ഹക്കിമി, വെറാറ്റി, വിറ്റിൻഹ, നുനോ മെൻഡസ്; മെസ്സി, എംബാപ്പെ, നെയ്മർ