ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ബാക്കിയുള്ള രണ്ടാം പാദ മത്സരങ്ങൾ ക്ലബുകളുടെ ഹോം മൈതാനത്തു വച്ചു തന്നെ നടത്താനുള്ള തീരുമാനം യുവേഫ കൈക്കൊള്ളുമെന്നു റിപ്പോർട്ടുകൾ. ബാഴ്സലോണ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി, യുവന്റസ് ടീമുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം യുവേഫ എടുക്കാൻ സാധ്യതയുള്ളത്.
സ്പാനിഷ് മാധ്യമം എഎസാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. നിലവിൽ ബാക്കിയുള്ള എല്ലാ മത്സരങ്ങളും പോർച്ചുഗലിൽ വച്ചു നടത്താനാണ് യുവേഫ തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റു ടീമുകളുടെ മത്സരങ്ങൾ കൃത്യമായി നടത്തുകയും ബാക്കിയുള്ള ടീമുകളുടെ മാത്രം മത്സരങ്ങൾ നിക്ഷ്പക്ഷ വേദികളിൽ നടത്തുന്നത് ഉചിതമായവില്ലെന്നാണ് ഈ ക്ലബുകളുടെ നിലപാട്.
ബാഴ്സലോണ, ബയേൺ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെല്ലാം പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരം സ്വന്തം മൈതാനത്തു ബാക്കി നിൽക്കുന്നുണ്ട്. ഇതിൽ ബയേണൊഴികെ ബാക്കിയൊരു ടീമിന്റെയും നില ഭദ്രമല്ല. അത്തരമൊരു സാഹചര്യത്തിൽ നിക്ഷ്പക്ഷ വേദിയിൽ മത്സരം നടത്തുന്നതിനെയാണു ക്ലബുകൾ ചോദ്യം ചെയ്തത്.
ഇക്കാര്യത്തിൽ അവസാന തീരുമാനം ഈയാഴ്ച ഉണ്ടാകുമെന്നാണു റിപ്പോർട്ടുകൾ. പോർച്ചുഗലിൽ വച്ചു മത്സരം നടത്താനാണു യുവേഫയുടെ തീരുമാനമെങ്കിൽ അതീ ടീമുകൾക്ക് കനത്ത തിരിച്ചടി തന്നെയായിരിക്കും.