എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ ക്ലബ്ബിനെ പുതുക്കി പണിയുന്ന തിരക്കിലാണ്. നിരവധി താരങ്ങൾക്കാണ് ക്ലബ്ബിന് പുറത്തേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ ബാഴ്സ താരങ്ങളായ നെൽസൺ സെമെഡോയും സാമുവൽ ഉംറ്റിറ്റിയും ബാഴ്സ വിട്ടേക്കും എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. പോർച്ചുഗീസ് താരമായ നെൽസൺ സെമെഡോ പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.
സൂപ്പർ ഏജന്റ് ആയ ജോർഗെ മെൻഡസാണ് താരത്തെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ നോക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ. മെൻഡസിന്റെ കീഴിലുള്ള മറ്റു താരങ്ങളായഎറിക് ഗാർഷ്യയും ക്യാൻസലോയും സിറ്റിയിൽ ഉണ്ട്. മാത്രമല്ല സെമെഡോക്ക് ക്ലബ് വിടാനുള്ള അനുമതി ബാഴ്സ നൽകിയതായാണ് റിപ്പോർട്ടുകൾ. സിറ്റി സമ്മതിച്ചാൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരം ബാഴ്സ വിട്ട് പ്രീമിയർ ലീഗിൽ എത്തും.
അതേ സമയം സാമുവൽ ഉംറ്റിറ്റിയെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഫ്രഞ്ച് ക്ലബായ ലിയോൺ ആരംഭിച്ചു കഴിഞ്ഞു. കൂമാൻ താല്പര്യമില്ല എന്ന് അറിയിച്ച താരമാണ് ഉംറ്റിറ്റി. താരം മുമ്പ് ലിയോണിൽ കളിച്ചിരുന്നു. എന്നാൽ താരത്തെ തിരികെയെത്തിക്കാൻ ലിയോണിന് തടസ്സമായി നിൽക്കുന്നത് താരത്തിന്റെ ഉയർന്ന സാലറിയാണ്. 2016-ലായിരുന്നു ഉംറ്റിറ്റി ലിയോൺ വിട്ടത്. തുടക്കത്തിൽ ബാഴ്സയിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് പരിക്ക് താരത്തെ തളർത്തുകയായിരുന്നു.
താരത്തെ തിരികെ എത്തിക്കാൻ താല്പര്യമുണ്ടെന്ന് ലിയോൺ സ്പോർട്ടിങ് ഡയറക്ടർ ജൂനിഞ്ഞോ അറിയിച്ചിരുന്നു. തങ്ങൾക്ക് ഒരു സെന്റർ ബാക്കിനെ ആവിശ്യമുണ്ടെന്നും തങ്ങൾ ഉംറ്റിറ്റിയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം ഒരു മഹത്തായ ഡിഫൻഡർ ആണെന്ന് ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികപരമായി താരത്തെ തിരികെയെത്തിക്കൽ സാധ്യമാവുമോ എന്നറിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.