ലിവർപൂളിന്റെ നിലവിലെ മുന്നേറ്റത്തെ കണക്കിലെത്താൽ അടുത്ത പ്രീമിയർ ലീഗ് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇരുപതു വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ക്ലബിന്റെ ഇതിഹാസതാരം റയൻ ഗിഗ്സ്. യർഗൻ ക്ലോപ്പ് ലിവർപൂൾ പരിശീലകനായി തുടരുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാത്തിരിപ്പിനെ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലിവർപൂളിനെ പോലെ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരു പ്രീമിയർ ലീഗ് കിരീടത്തിനായി അനവധി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമോയെന്ന ജേമി കരാഗറിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഗിഗ്സ്. “നൂറു ശതമാനം ഉറപ്പാണ് അക്കാര്യത്തിൽ. അതിനു പതിനഞ്ചോ ഇരുപതോ വർഷങ്ങൾ എടുത്തേക്കാം. പ്രത്യേകിച്ചും ഗാർഡിയോളയും യർഗൻ ക്ളോപ്പും പ്രീമിയർ ലീഗിലുണ്ടെങ്കിൽ.”
“വേണ്ടത്ര വിഭവങ്ങളും താരങ്ങളും അവർക്കുണ്ട്. ലിവർപൂളിനെ സംബന്ധിച്ച് 1990ൽ അവർ അവസാന കിരീടം നേടുമ്പോൾ ചിന്തിച്ചിട്ടുണ്ടാവുക അടുത്തു തന്നെ അതു വീണ്ടും നേടുമെന്നായിരിക്കും. ക്ളോപ്പ് തന്നെ നാലിലധികം വർഷങ്ങളെടുത്താണ് അതു സ്വന്തമാക്കിയതെന്നും ചിന്തിക്കേണ്ടതാണ്.” ഗിഗ്സ് പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പതിമൂന്നു തവണ പ്രീമിയർ ലീഗ് സ്വന്തമാക്കിയ താരമാണ് റയൻ ഗിഗ്സ്. 2013നു ശേഷം ഇതുവരെ യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. മികച്ച താരങ്ങളെ ഒരുക്കിയെടുത്താൽ മാത്രമേ ഇതിനു കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.