സാഞ്ചോ ഡോർട്മുണ്ടിൽ തന്നെ തുടരുമെന്നായതോടെ രണ്ടു വണ്ടർകിഡുകളെ സ്വന്തമാക്കിയിരിക്കുകയാണ് ചുവന്ന ചെകുത്താന്മാർ. യുവതാരങ്ങളായ ഫാകുണ്ടോ പെലിസ്ട്രി, വില്ലി കംബ്വാലോ എന്നിവരെയാണ് ട്രാൻഫർ ജാലകം അടക്കും മുൻപ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്
ഉറുഗ്വായ്ൻ ക്ലബ്ബായ പെനറോളിൽ നിന്നാണ് പതിനെട്ടുകാരൻ ഫാകുണ്ടോ പെല്ലിസ്ട്രിയെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. 120 മില്യൺ ഡോളറിന്റെ വമ്പൻ തുക നൽകാതെ സഞ്ചോയെ വിട്ടുനൽകുകയുള്ളുവെന്ന ഡോർട്മുണ്ട് കടുംപിടുത്തം തുടർന്നത്തോടെ ആ ശ്രമം ഉപേക്ഷിച്ചു യുണൈറ്റഡ് മറ്റു യുവപ്രതിഭകൾക്കു പിന്നാലെ പോവുകയായിരുന്നു.
പെനറോളിൽ ഡിയഗോ ഫോർലാന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉറുഗ്വായൻ താരത്തിനായി ലിയോണിൽ നിന്നും ഓഫറുണ്ടായിരുന്നു. ഒപ്പം മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ വമ്പന്മാരും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 10 മില്യൺ യൂറോക്കാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയത്. ഈ സീസണിൽ തന്നെ ഫസ്റ്റ് ടീമിൽ താരത്തിനു സ്ഥാനം ലഭിച്ചേക്കും.
ഫ്രഞ്ച് ക്ലബ്ബായ സോഷോക്സിൽ നിന്നാണ് യുവ പ്രതിരോധതാരമായ വില്ലി കംബ്വാലയെ യുണൈറ്റഡ് സ്വന്തമാക്കുന്നത്. 3 മില്യൺ യൂറോക്കാണ് യുവ ഫ്രഞ്ച് താരം ഓൾഡ് ട്രാഫോഡിലെത്തുന്നത്. പ്രതിരോധത്തിൽ ഈ സീസണിൽ വൻ പോരായ്മകൾ കണ്ടുതുടങ്ങിയത്തോടെയാണ് ഭാവിയിലേക്ക് മികച്ചതാരങ്ങളെ സ്വന്തമാക്കാൻ യുണൈറ്റഡ് ഒരുങ്ങുന്നത്. 16കാരൻ താരത്തിനായി ലിവർപൂളും പിന്നാലെയുണ്ടായിരുന്നെങ്കിലും യുണൈറ്റഡ് തിരഞ്ഞെടുക്കുകയായിരുന്നു.