ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുരിതം തുടർകഥയാവുന്നു. ലിവർപൂൾ യുണൈറ്റഡിനെ ഓൾഡ് ട്രാഫൊർഡിൽ നാണം കെടുത്തി വിട്ടിരിക്കുകയാണ്. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തകർത്തു വിട്ടത്.ഇതു പോലൊരു നാണക്കേട് അവരുടെ ദുസ്വപ്നത്തിൽ പോലും അവർ കണ്ടു കാണില്ല. സ്വന്തം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവരുടെ ഏറ്റവും വലിയ വൈരികൾക്കു എതിരെ അതി ദയനീയ പരാജയം.സലായുടെ ഹാട്രിക്കും പോഗ്ബയും ചുവപ്പ് കാർഡും എല്ലാം കണ്ട മത്സരം വളരെ അനായസമായാണ് ലിവർപൂൾ വിജയിച്ചത്.
അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് വരുത്തിയ പിഴവിൽ നിന്നും ലിവർപൂൾ ലീഡ് നേടി.മിഡ്ഫീൽഡിൽ നിന്ന് വന്ന നാബി കേറ്റ എളുപ്പത്തിൽ സലായുടെ പാസ് സ്വീകരിച്ച് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് 13ആം മിനുട്ടിൽ വീണ്ടും ലിവർപൂൾ ഗോൾ വന്നു. ജോട്ടയാണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്. 38ആം മിനുട്ടിൽ സലാ ആദ്യ ഗോൾ നേടി സ്കോർ മൂന്നാക്കി ഉയർത്തി.ആദ്യ പകുതി അവസാനിക്കും മുമ്പ് 45ആം മിനുട്ടിൽ സലാ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിവർപൂൾ 4 ഗോളുകൾക്ക് മുന്നിലെത്തി.
ആദ്യ പകുതിയിൽ യുണൈറ്റഡ് കളം വിടുമ്പോൾ ആരാധകർ കൂകി വിളിച്ചാൺ ടീമിനെ ഗ്രൗണ്ടിൽ നിന്ന് കയറ്റിയത്. രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ വഷളായി. 50ആം മിനുട്ടിൽ സലാ തന്റെ ഹാട്രിക്ക് തികച്ചു. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിച്ച പോഗ്ബ 60ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പോയി.ലിവർപൂളിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് ഗോൾ വീഴാതിരുന്നത്.
രണ്ടാം പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.അവസാന ഏഴ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ 2 മത്സരമാണ് വിജയിച്ചത്. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുണൈറ്റഡ് 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂൾ ആകട്ടെ വിജയത്തോടെ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.