ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനക്ക് വിജയം.ഉറുഗ്വേയ്ക്കെതിരെ ഏഞ്ചൽ ഡി മരിയയുടെ ഏക ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. പാരീസ് സെന്റ് ജെർമെയ്ൻ എയ്സിന്റെ ആദ്യ പകുതിയിലെ ഗോൾ അർജന്റീനക്ക് തങ്ങളുടെ രണ്ട് വർഷത്തെ അപരാജിത സ്ട്രീക്ക് 26 മത്സരങ്ങളാക്കി നീട്ടാൻ സഹായിച്ചു. സ്റ്റാർട്ടിങ് ലൈൻ അപ്പിൽ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഉറുഗ്വേയെ നേരിടാൻ ഇറങ്ങിയത്. 76 ആം മിനുട്ടിൽ ലോ സെൽസോക്ക് പകരക്കാരനായാണ് മെസ്സി ഇറങ്ങിയത്.
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തങ്ങളുടെ അവസാന മൂന്നു മത്സരങ്ങളും വിജയിക്കാതിരുന്ന ഉറുഗ്വേക്ക് മികച്ച തുടക്കമാണ് ഇന്നത്തെ മത്സരത്തിൽ ലഭിച്ചത്.അഞ്ചാം മിനിറ്റിൽ നഹിതാൻ നാൻഡെസിന്റെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് അതിശയകരമായി രക്ഷപെടുത്തി. ഏഴാം മിനുട്ടിൽ ഏഞ്ചൽ ഡി മരിയയുടെ മനോഹരമായ ഗോളിലൂടെ അര്ജന്റീന മുന്നിലെത്തി.പെനാൽറ്റി ഏരിയയുടെ അരികിൽ നിന്നും പൗലോ ഡിബാലയിൽ നിന്ന് പാസ് സ്വീകരിച്ച ഏഞ്ചൽ ഡി മരിയ ഒരു കർവിങ് ഷോട്ടിലൂടെ ഉറുഗ്വേൻ വല കുലുക്കി.
GOOOAL Angel Di Maria, El Fideo just curls the ball In after La Joya Dybala wins the ball. The PSG man with a exceptional goal, Argentina 1-0 against Uruguay🔥pic.twitter.com/4E0PQlZPQV
— footballnews (@footynews34) November 12, 2021
31 ആം മിനുട്ടിൽ ഉറുഗ്വേ സമനില ഗോളിന്റെ അടുത്തെത്തി.ലൂയിസ് സുവാരസിന്റെ ഉജ്ജ്വലമായ വോളി ഗോൾ കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.38 ആം മിനുട്ടിലും സുവാരസിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും അര്ജന്റീന ഡിഫെൻഡറുടെ ഇടപെടലിൽ പന്ത് കോർണറായി മാറി. 42 ആം മിനുട്ടിൽ മാറ്റിയാസ് വെസിനോ (ഉറുഗ്വേ) ബോക്സിന് പുറത്ത് ഒരു ലോ പാസ് സ്വീകരിക്കുകയും ഗോൾ ലക്ഷ്യമാക്കി ഷോട്ട് അടിച്ചെങ്കിലും മാർട്ടിനെസിനെ കീഴടക്കാനായില്ല. ഈ മത്സരത്തോടെ അര്ജന്റീന തുടർച്ചയായ 14 മത്സരങ്ങൾ ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയിട്ടില്ല.
അവസാന ആറ് ഹെഡ് ടു ഹെഡ് ഗെയിമുകളിൽ അഞ്ചിലും സ്കോർ ചെയ്യാതിരുന്ന ഉറുഗ്വേ ആ പതിവ് മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു രണ്ടാം പകുതിയിൽ .രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ ഉറുഗ്വേ കൂടുതൽ മുന്നേറി കളിച്ചു കൊണ്ടിരുന്നു.മത്സരം അവസാന ക്വാർട്ടർ മണിക്കൂറിലേക്ക് കടന്നപ്പോൾ, പകരക്കാരനായ സ്ട്രൈക്കർ ജോക്വിൻ കൊറിയയ്ക്ക് തുടർച്ചയായ വ്യക്തമായ അവസരങ്ങൾ ലഭിച്ചു. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ആദ്യ അവസരം ഉറുഗ്വേൻ ഡിഫെൻഡറുടെ ടാക്ലിങ്ങിലൂടെ നഷ്ട്ടപെടുത്തി. പിന്നീട് ലഭിച്ച അവസരം ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ റിഫ്ലെക്സ് സേവ് തടഞ്ഞു.
85 ആം മിനുട്ടിൽ ഉറുഗ്വേ സമനില ഗോളിന്റെ അടുത്തെത്തി,വിംഗിൽ നിന്ന് പെനാൽറ്റി ഏരിയയിലേക്ക് വന്ന പെർഫെക്റ്റ് ക്രോസിൽ നിന്നും അഗസ്റ്റിൻ അൽവാരസ് തൊടുത്ത ബുള്ളറ്റ് ഹെഡ്ഡർ ക്രോസ്ബാറിന് മുകളിലൂടെ പോയി. ഇഞ്ചുറി ടൈമിൽ വീണ്ടും അൽവാരസ് ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ അവരുടെ അപരാജിത പരമ്പര 16 മത്സരങ്ങളായി ഇന്നലത്തെ ജയത്തോടെ അര്ജന്റീനക്കായി.2017 മാർച്ചിൽ അവസാനമായി തോൽവി നേരിട്ടത്. ഉറുഗ്വേയാവട്ടെ 8 വർഷമായി അർജന്റീനയെ തോൽപ്പിച്ചിട്ടില്ല.