ഐ എം വിജയനെയും, വി പി സത്യനെയും, യു ഷറഫലിയേയും ഇന്ത്യൻ ഫുട്ബാളിന് സംഭാവന ചെയ്ത കേരളം. കേരള പോലീസ് ക്ലബ്, കാലിക്കറ്റ് ക്വാർട്ട്സ്, വിവ കേരള തുടങ്ങിയ ക്ലബ്ബുകൾ പടുത്തുയർത്തിയ കേരളം. ഫുട്ബോളിനെ ഇത്രമേൽ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന കേരളക്കരയിൽ പിറവിയെടുത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിനെ എത്രമേൽ കേരളം സ്നേഹിക്കുന്നുണ്ട് എന്നതിന് തെളിവാണ്, 2016 ബ്ലാസ്റ്റേഴ്സ് കൊൽക്കത്ത മത്സരത്തിന് സാക്ഷ്യം വഹിക്കാൻ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തിയ 80,000 ത്തിൽ കവിഞ്ഞ കാണികൾ.
എന്നാൽ, ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ ചരിത്രം പരിശോധിച്ചാൽ, 2014, 2016 സീസണുകളിൽ റണ്ണേഴ്സായി എന്നതിലുപരി മറ്റൊരു നേട്ടം പറയാനില്ല. ഇയാൻ ഹ്യൂം, വെസ് ബ്രൗൺ, ബെർബറ്റോവ്, ഓഗ്ബഷേ തുടങ്ങിയ ഒരുപിടി പേരുകേട്ട വിദേശ താരങ്ങൾ പന്തുതട്ടിയിട്ടും ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ ജേതാക്കളാവൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഇത്തവണ മുൻ സീസണുകളിൽ നിന്നും വ്യത്യസ്ഥമായ രീതിയിലുള്ള പടയൊരുക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് പാളയത്തിൽ നടക്കുന്നത്. മികച്ച വിദേശ താരങ്ങളെയും, ഇന്ത്യൻ ദേശീയ താരങ്ങളും ടീമിൽ എത്തിച്ചതിനോടൊപ്പം ഒരുപിടി യുവതാരങ്ങളെയും ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കോച്ച്, നോൺ-പ്ലെയിങ് സ്റ്റാഫുകൾ, ടീമിന്റെ മെഡിക്കൽ വിഭാഗം തുടങ്ങിയ എല്ലാ മേഖലയിലും അടിമുടി മാറ്റങ്ങളുമായിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിൽ എത്തുന്നത്.
പേരുകേട്ട വിദേശ താരങ്ങൾ മുൻപ് ടീമിൽ എത്തിയിട്ടുണ്ടെങ്കിലും, താരങ്ങളുടെ നല്ല കാലം കഴിഞ്ഞ് വയസ്സന്മാരായ ശേഷമാണ് ബ്ലാസ്റ്റേഴ്സിൽ എത്തിക്കുന്നത് എന്ന പഴി ബ്ലാസ്റ്റേഴ്സ് മുൻ വർഷങ്ങളിലെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ, ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച വിദേശ താരങ്ങളിൽ ഏറ്റവും ഉയർന്ന പ്രായം 31 ആണ്. വിദേശ താരങ്ങൾ ആരൊക്കെ എന്ന് പരിശോധിക്കാം ; ഐഎസ്എല്ലിൽ കളിച്ചു പരിചയമുള്ള ബോസ്നിയ താരം ഏനസ് സിപോവിക്കും, പ്രതിരോധം കാക്കുന്നതിനൊപ്പം എതിർ ടീമിന്റെ വല കുലുക്കാൻ കെൽപ്പുള്ള ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ശക്തിപ്പെടുത്തും. മധ്യ നിരയിൽ ഇത്തവണ ഉറുഗ്വയൻ പ്ലേ മേക്കർ അഡ്രയാൻ ലൂണ കളി മെനയുമ്പോൾ, ‘ഭൂട്ടാനീസ് റൊണാൾഡോ’ എന്ന് വിളിപ്പേരുള്ള ഭൂട്ടാൻ ഗോളടി യന്ത്രം ചെഞ്ചോയും, അർജന്റീനിയൻ സ്ട്രൈക്കർ ജോർജെ ഡയസും, മുൻ എസ്പാന്യോൾ താരം അൽവരോ വാസ്ക്വിസും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ എതിർ ടീമുകളുടെ വല നിറക്കാൻ പൂർണ്ണ സജ്ജരാണ്.
വിദേശ താരങ്ങൾക്കൊപ്പം ഒരുപിടി ഇന്ത്യൻ സീനിയർ താരങ്ങളും ടീമിലുണ്ട്. അവരിൽ ശ്രദ്ധേയൻ ‘ഇന്ത്യൻ ഓസിൽ’ എന്ന് ആരാധകർ ഓമനപ്പേരിട്ട് വിളിക്കുന്ന മലയാളി താരം സഹൽ അബ്ദു സമദ് തന്നെ. മധ്യ നിരയിൽ കളി നിയന്ത്രിക്കാനും, മുന്നേറ്റ നിരയിലേക്ക് നിരന്തരം പന്തെത്തിക്കാനും കെൽപ്പുള്ള സഹലിൽ വലിയ പ്രതീക്ഷകളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. സഹലിന് പുറമെ ബ്ലാസ്റ്റേഴ്സ് നിരയിലെ മറ്റൊരു മലയാളി സാന്നിധ്യമാണ്, ഇന്ത്യൻ അണ്ടർ-23 താരം കെപി രാഹുൽ. തന്റെ വേഗത കൊണ്ടും, ഡ്രിബ്ലിംഗ് കൊണ്ടും, ഗോളടിക്കാനുള്ള മികവ് കൊണ്ടും ബ്ലാസ്റ്റേഴ്സ് ആരാധകരെ കയ്യിലെടുത്ത താരമാണ് രാഹുൽ. കൂടുതൽ കരുത്തോടെ വരുന്ന സീസണിൽ, രാഹുൽ ഗോളുകൾ അടിച്ചുകൂട്ടും എന്ന കാര്യത്തിൽ തർക്കമില്ല. പ്രതിരോധത്തിന് ബലം കൂട്ടാൻ, ബംഗളുരു എഫ്സിയിൽ നിന്ന് ഹർമൻജോത് ഖബ്രയേയും ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്.
ഇവർക്കൊപ്പം, സെയ്ത്യാസൻ സിംഗ്, ജെസ്സൽ കാർനെയ്രോ, നിഷു കുമാർ, അബ്ദുൽ ഹക്കു, പ്രശാന്ത്, ഗിവ്സൺ സിംഗ്, ദനചന്ദ്ര മീതയ്, സന്ദീപ് സിംഗ് തുടങ്ങിയവർ ബൂട്ട് കെട്ടുമ്പോൾ എതു കൊലകൊമ്പനും ബ്ലാസ്റ്റേഴ്സിന് മുന്നിൽ വിയർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കൂടാതെ, ഇന്ത്യയുടെ ഭാവി താരമായി കണക്കാക്കുന്ന ആയുഷ് അധികാരി ബ്ലാസ്റ്റേഴ്സിൽ മിന്നും പ്രകടനം നടത്തുമെന്നാണ് കണക്കുകൂട്ടുന്നത്. സഞ്ജീവ് സ്റ്റാലിൻ, പുട്ടിയ, വിൻസി ബാരട്ടോ എന്നീ യുവ രക്തങ്ങളും ബ്ലാസ്റ്റേഴ്സ് നിരയുടെ മൂർച്ച കൂട്ടാൻ ടീമിനോപ്പം ഉണ്ട്.
മിക്ക സീസണുകളിലും ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിക്കാറുള്ളത്, സീസൺ പകുതിയിൽ ഇട്ട് മടങ്ങിപോവുന്ന കോച്ചുമാരാണ്. എന്നാൽ, ഇത്തവണ എല്ലാ കാര്യങ്ങളെയും വളരെ പ്രഫഷണലായ രീതിയിൽ കൈകാര്യം ചെയ്യുന്ന സെർബിയൻ മാനേജർ ഇവാൻ വുകൊമനോവിച് ആണ് ടീമിന്റെ മാനേജർ. വുകൊമനോവിചിന് കീഴിൽ അവസാനം കളിച്ച സന്നാഹ മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്സിന് വിജയം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒഡിഷയെയും, ചെന്നൈയിൻ എഫ്സിയേയും സന്നാഹ മത്സരങ്ങളിൽ തകർത്ത് പുതിയ സീസണിന് തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്സിൽ ആരാധകർ പൂർണ്ണ വിശ്വാസം അർപ്പിക്കുന്നു. നിലവിലെ ഒരുക്കങ്ങൾ നൽകുന്ന സൂചന അനുസരിച്ച്, ബ്ലാസ്റ്റേഴ്സ് ഇത്തവണ കലിപ്പടക്കി കപ്പടിക്കും.