ലീഗ് വണ്ണിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജിക്ക് തോൽവി. ചിരവൈരികളായ മാഴ്സെയോടാണ് പിഎസ്ജി ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി രുചിച്ചത്. ലീഗ് വണ്ണിൽ പിഎസ്ജി വഴങ്ങുന്ന തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ലെൻസിനോട് ഒരു ഗോളിന് പിഎസ്ജി അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. തോൽവിയോടെ പിഎസ്ജി അവസാനസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ മത്സരത്തിന്റെ അവസാനനിമിഷങ്ങൾ നാടകീയസംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ഇരുടീമുകളിലെ താരങ്ങളും പരസ്പരം കളത്തിനകത്ത് കയ്യാങ്കളിയിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് അഞ്ച് റെഡ് കാർഡുകളും പതിനാലു യെല്ലോ കാർഡുകളുമാണ് റഫറി പുറത്തെടുത്തത്. സൂപ്പർ താരം നെയ്മർ ജൂനിയർ, പരേഡസ്, കുർസാവ എന്നീ താരങ്ങൾക്കും മാഴ്സെ താരങ്ങളായ അമാവി, ബെനഡെറ്റൊ എന്നീ താരങ്ങൾക്കുമാണ് റെഡ് കാർഡ് ലഭിച്ചത്. മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ തോവിൻ നേടിയ ഗോളിലാണ് മാഴ്സെ ജയം കണ്ടെത്തിയത്.
എന്നാൽ ഈ മത്സരമിപ്പോൾ വിവാദങ്ങളിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. മത്സരത്തിന് ശേഷം നെയ്മർ ജൂനിയർ വംശീയാധിക്ഷേപ ആരോപണവുമായി രംഗപ്രവേശനം ചെയ്യുകയായിരുന്നു. മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ കുരങ്ങൻ എന്ന് വിളിച്ചു എന്നാണ് നെയ്മർ ആരോപിച്ചിരിക്കുന്നത്. അവന്റെ മുഖത്തടിക്കാത്തതിൽ മാത്രമാണ് തനിക്കിപ്പോൾ സങ്കടം എന്നാണ് നെയ്മർ പറഞ്ഞത്. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് നെയ്മർ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്ന കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്.
ഈ ആരോപണം ഗൗരവമായി തന്നെ അന്വേഷിക്കുമെന്ന് ഫ്രഞ്ച് ലീഗ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ഗോൺസാലസ് പ്രതികരിച്ചിട്ടുണ്ട്. റേസിസത്തിന് ഇവിടെ ഒരു സ്ഥാനവുമില്ല എന്നാണ് അൽവാരോ പറഞ്ഞത്. തോൽവി ഏറ്റാൽ അത് അംഗീകരിക്കാൻ പഠിക്കണം എന്നാണ് അൽവാരോ അറിയിച്ചത്. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന നിലപാടാണ് അൽവാരോ ഗോൺസാലസ് വ്യക്തമാക്കിയത്.