ഹാൻഡ് ബോളായിട്ടും കണ്ണടച്ച് റഫറി, ലിവർപൂളിന്റെ വിജയത്തിൽ പ്രതിഷേധവുമായി ആരാധകർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂൾ വമ്പൻ വിജയം നേടിയെങ്കിലും റഫറിയിങ്ങിനെതിരെ പ്രതിഷേധവുമായി ആരാധകർ. ഒന്നിനെതിരെ ആറു ഗോളുകൾക്ക് ലിവർപൂൾ വിജയം നേടിയ മത്സരത്തിൽ ഗാക്പോ നേടിയ ആദ്യത്തെ ഗോൾ ഹാൻഡ് ബോളായിട്ടും റഫറി അത് നിഷേധിക്കാൻ തയ്യാറായില്ലെന്നാണ് പ്രതിഷേധത്തിന് കാരണം.

മത്സരത്തിന്റെ മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ലിവർപൂളിന്റെ ആദ്യത്തെ ഗോൾ പിറന്നത്. ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നും ജനുവരിയിൽ ടീമിലെത്തിയ ഗാക്പോയാണ് ലിവർപൂളിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. എന്നാൽ ഈ ഗോളിലേക്കുള്ള നീക്കം തുടങ്ങുന്നതു തന്നെ അർനോൾഡിന്റെ ഹാൻഡ് ബൊളോടെയായിരുന്നു.

ഫുൾബാക്കായ ജൂനിയർ ഫിർപ്പോ പന്തെടുത്തു മുന്നേറാൻ ശ്രമിക്കുന്നതിനിടെയാണ് അർനോൾഡിന്റെ കയ്യിൽ പന്ത് കൊള്ളുന്നത്. തുടർന്ന് പന്തെടുത്ത് മുന്നേറിയ ഇംഗ്ലണ്ട് താരം അത് സലാക്ക് കൈമാറി തിരിച്ചു വാങ്ങിയതിന് ശേഷമാണ് അസിസ്റ്റ് നൽകുന്നത്. പന്തിൽ ഒന്നു തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ ഗാക്പോക്ക് വന്നിരുന്നുള്ളൂ.

ഇത്രയും ക്ലിയർ ഹാൻഡ് ബോൾ ആയിട്ട് പോലും വീഡിയോ റഫറി അത് നിഷേധിക്കാൻ തയ്യാറാകാതിരുന്നതാണ് ആരാധകർ പ്രതിഷേധമുയർത്താൻ കാരണം. ലിവർപൂൾ ആയതു കൊണ്ടാണ് വീഡിയോ റഫറി ഗോൾ നിഷേധിക്കാൻ തയ്യാറാകാഞ്ഞതെന്നും ഏതെങ്കിലും ചെറിയ ടീമുകൾ ആയിരുന്നെങ്കിൽ ഗോൾ നിഷേധിക്കപ്പെട്ടേനെയെന്നും ആരാധകർ പറയുന്നു.

വമ്പൻ വിജയത്തിലും ലിവർപൂൾ എട്ടാം സ്ഥാനത്തു തുടരുകയാണ്. ഈ സീസണിൽ ടോപ് ഫോർ പ്രതീക്ഷകൾ ഇല്ലെങ്കിലും യൂറോപ്പ ലീഗിന് യോഗ്യത നേടാൻ കഴിയുമെന്ന പ്രതീക്ഷ ലിവർപൂളിനുണ്ട്. അതേസമയം തോൽവി വഴങ്ങിയ ലീഡ്‌സ് യുണൈറ്റഡ് ലീഗിൽ പതിനാറാം സ്ഥാനത്താണ്.

Rate this post
Liverpool