നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളി ലയണൽ മെസിയാണെന്ന് മുൻ റയൽ മാഡ്രിഡ് താരം

ഫുട്ബോൾ കരിയറിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ എതിരാളി ലയണൽ മെസിയാണെന്ന് മുൻ റയൽ മാഡ്രിഡ് താരവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫെൻഡറുമായ റാഫേൽ വരാനെ. മെസി ബാഴ്‌സലോണ താരവും വരാനെ റയൽ മാഡ്രിഡ് കളിക്കാരനുമായിരുന്ന സമയത്ത് രണ്ടു പേരും നിരവധി തവണ മുഖാമുഖം വന്നിട്ടുണ്ട്. മെസിയുടെ വേഗതയും മുന്നേറ്റനിരയിൽ അവിശ്വസനീയ പ്രകടനം നടത്താനുള്ള കഴിവുമാണ് താരത്തെ തടുക്കാൻ ബുദ്ധിമുട്ടേറിയതാക്കുന്നതെന്ന് വരാനെ പറയുന്നു.

ഗോളിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് തന്റെ കരിയറിലെ ഏറ്റവും കടുപ്പമേറിയ എതിരാളി ആരാണെന്ന് ഫ്രാൻസിനൊപ്പം ലോകകപ്പ് കിരീടം നേടിയിട്ടുള്ള താരമായ വരാനെ വെളിപ്പെടുത്തിയത്. “മെസി. ലയണൽ മെസി. കാരണം താരം വളരെ വേഗതയുള്ള കളിക്കാരനും വളരെ മികച്ച സ്‌ട്രൈക്കറുമാണ്. വളരെ മികച്ച ഇടം കാലുള്ള ലയണൽ മെസി അസാമാന്യ കഴിവുള്ള കളിക്കാരനാണ്.” കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയലിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ വരാനെ പറഞ്ഞു.

റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള, ഫുട്ബോൾ ലോകത്ത് വളരെയധികം പേരു കേട്ട എൽ ക്ലാസിക്കോ മത്സരത്തിലെ ടോപ് സ്കോററാണ് ലയണൽ മെസി. ഇരുപത്തിയാറു ഗോളുകളാണ് റയൽ മാഡ്രിഡിനെതിരെ മാത്രം മെസി നേടിയിട്ടുള്ളത്. വരാനെ കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ ലയണൽ മെസി ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്കും ചേക്കേറിയിരുന്നു. ഒരേ ലീഗിൽ കളിച്ചിരുന്ന താരങ്ങൾ രണ്ടു വ്യത്യസ്‌ത ലീഗുകളിലേക്ക് ചേക്കേറിയെങ്കിലും മെസി നൽകിയ ഓർമ്മകൾ വരാനെയുടെ മനസ്സിൽ ഇപ്പോഴുമുണ്ടെന്നു താരത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു.

അതേസമയം സ്പെയിൻ വിട്ട് ഫ്രഞ്ച് ലീഗ്, പ്രീമിയർ ലീഗ് എന്നിവയിലേക്ക് ചേക്കേറിയ ഈ രണ്ടു താരങ്ങൾക്ക് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. മെസി പിഎസ്‌ജിക്കായി കഴിഞ്ഞ സീസണിൽ 11 ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും നേടിയെങ്കിലും താരത്തിന്റെ പ്രതിഭ കണക്കാക്കുമ്പോൾ ഈ കണക്കുകൾ ചെറുതാണ്. വരാനെയുടെ കാര്യമെടുത്താൽ പരിക്കും മോശം ഫോമും വലച്ച താരം കഴിഞ്ഞ സീസണിൽ 29 മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയത്. രണ്ടു താരങ്ങളും ഈ സീസണിൽ തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
Lionel MessiManchester UnitedPsgVarane