യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദ പോരാട്ടത്തിലും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെടാനായിരുന്നു റയൽ മാഡ്രിഡിന്റെ വിധി. സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ 2-1 നാണ് റയൽ മാഡ്രിഡ് സിറ്റിക്ക് മുമ്പിൽ അടിയറവ് പറഞ്ഞത്. ഇതോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ് പുറത്താവുകയും ചെയ്തു. മത്സരത്തിലെ തോൽവിക്ക് കാരണമായത് റയൽ ഡിഫൻസിലെ പിഴവുകൾ ആയിരുന്നു. പ്രത്യേകിച്ചും ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ.
സിറ്റി നേടിയ രണ്ട് ഗോളുകളും വരാനെയുടെ പിഴവിൽ നിന്നാണ് വന്നിരുന്നത്. ഇതോടെ തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തിരിക്കുകയാണ് താരം. ഇന്നലെ മത്സരശേഷം സംസാരിക്കുന്ന വേളയിലാണ് താരം തോൽവിക്ക് ഉത്തരവാദി താൻ മാത്രമാണ് എന്നറിയിച്ചത്. കൂടുതൽ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകാനില്ലെന്നും സഹതാരങ്ങളുടെ കാര്യത്തിൽ സങ്കടമുണ്ടെന്നും വരാനെ അറിയിച്ചു. തന്റെ കരിയറിൽ മുൻപും പിഴവുകൾ സംഭവിച്ചിരുന്നുവെങ്കിലും ഇത്പോലെ ഒന്ന് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു.
” പരാജയം എന്റെ കാരണം കൊണ്ട് മാത്രമാണ്. അത് ഞാൻ അംഗീകരിക്കുന്നു. ഈ തോൽവിയുടെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ഞങ്ങൾ നന്നായി തയ്യാറായിരുന്നു. പക്ഷെ പിഴവുകൾ വളരെ വലിയ വില കൊടുക്കേണ്ടി വന്നു. എന്റെ സഹതാരങ്ങളുടെ കാര്യത്തിൽ എനിക്ക് ദുഃഖമുണ്ട്. മത്സരത്തിന് മുമ്പ് എനിക്ക് നല്ലതായിട്ടാണ് അനുഭവപ്പെട്ടത്. പക്ഷെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഒരുപാട് റിസ്‌ക്കുകൾ ഏറ്റെടുത്തിരുന്നു. അതിന് ഏറെ വില നൽകേണ്ടി വരികയും ചെയ്തു. ഇത്പോലെ ഒന്ന് എന്റെ കരിയറിൽ മുൻപ് സംഭവിച്ചിട്ടില്ല. എന്റെ സഹതാരങ്ങളോട് ഞാൻ എപ്പോഴും നന്ദി ഉള്ളവനായിരിക്കും ” വരാനെ പറഞ്ഞു.
അതേസമയം റയൽ മാഡ്രിഡ് പരിശീലകൻ സിദാന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് പുറത്താവൽ ആണിത്. ഇതിന് മുൻപ് മൂന്ന് തവണയും സിദാന്റെ കീഴിൽ കളിച്ചപ്പോൾ റയൽ മാഡ്രിഡ് കിരീടം ചൂടിയിരുന്നു.