ലോകകപ്പ് യോഗ്യത മത്സരത്തിൽ പരഗ്വയ്ക്കെതിരെ മെസി അർജന്റീനയെ മുന്നിലെത്തിച്ച ഗോൾ നിഷേധിച്ച വീഡിയോ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പരിശീലകൻ ലയണൽ സ്കലോനി. മത്സരത്തിൽ ഇരു ടീമുകളും 1-1ന് സമനിലയിൽ നിൽക്കുമ്പോഴാണ് രണ്ടാം പകുതിയിൽ മെസി അർജൻറീനയെ മുന്നിലെത്തിച്ച ഗോൾ നേടിയത്. എന്നാൽ ഗോളിലേക്കുള്ള അർജന്റീനയുടെ ബിൽഡ് അപ്പിൽ ഫൗൾ ഉണ്ടായിരുന്നതിനെ തുടർന്ന് ഗോൾ നിഷേധിക്കപ്പെടുകയായിരുന്നു.
വീഡിയോ റഫറിയിങ്ങിന് സ്ഥിരതയുണ്ടാകണം എന്നാണ് മത്സരത്തിനു ശേഷം സ്കലോനി അഭിപ്രായപ്പെട്ടത്. “വാറിനെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അതിനൊരു ഏകീകൃത രൂപം നൽകണമെന്നാണ് എന്റെ അഭിപ്രായം. മോശമോ നല്ലതോ ആയ വിശ്വാസത്തെ തുടർന്നല്ല ഇത്. എങ്കിൽ മാത്രമേ ഇതിനു സ്ഥിരതയുണ്ടാകൂ എന്ന അഭിപ്രായമാണ് എനിക്കുള്ളത്.” അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ സ്കലോനി സന്തോഷം പ്രകടിപ്പിച്ചു. ആദ്യ പതിനഞ്ചു മിനുട്ട് ടീം പതറിയെങ്കിലും പരഗ്വയുടെ ആദ്യ ഗോളിനു ശേഷം അർജൻറീന നല്ല രീതിയിൽ പ്രതികരിച്ചുവെന്നും മികച്ച പ്രകടനം കാഴ്ച വെച്ചുവെന്നും സ്കലോനി അഭിപ്രായപ്പെട്ടു.
പെനാൽട്ടിയിലൂടെ ഏഞ്ചൽ റൊമേരോ പരഗ്വയുടെ ആദ്യഗോൾ നേടിയതിനു ശേഷം നികോളോസ് ഗോൺസാലസാണ് അർജന്റീനയുടെ സമനില ഗോൾ നേടിയത്. ആദ്യ രണ്ടു മത്സരങ്ങളും അർജൻറീന വിജയിച്ചിരുന്നു.