കേരള ബ്ലാസ്റ്റേഴ്സ് പതിവിൽ നിന്നും വ്യത്യസ്തമായി ഒരു അഴിച്ചു പണിയാണ് ഇത്തവണ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം നിരവധി വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞു.കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ ടീമിനെ ഉടച്ചു വാർക്കുകയാണ് മാനേജ്മന്റ്.
ഇപ്പോഴിതാ മൂന്നു വിദേശ താരങ്ങൾ അടക്കം അഞ്ചു താരങ്ങൾ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞിരിക്കുകയാണ്.പ്രതിരോധനിര താരം വിക്ടർ മോങ്കിൽ, മുന്നേറ്റ നിര താരങ്ങളായ അപ്പോസ്തലസ് ജിയാനു,ഇവാൻ കലിയൂഷ്നി എന്നിവരാണ് ക്ലബ്ബ് വിട്ട വിദേശ താരങ്ങൾ.ഹർമൻ ജോത് ഖബ്ര,ഗോൾകീപ്പർ മുഹീത് ഖാൻ എന്നിവരും ക്ലബ്ബിനോട് വിടപറഞ്ഞിട്ടുണ്ട്.നായകൻ ജെസൽ കാർനെയ്റോ ക്ലബ് വിട്ടതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.നാല് സീസൺ നീണ്ട സേവനത്തിനൊടുവിലാണ് ലെഫ്റ്റ് ബാക്കായ ഈ ഗോവൻ താരം ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
32-കാരനായ ജെസ്സൽ 2019-20 സീസണിന് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ആ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ജെസ്സൽ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയവും കളിക്കുകയും അഞ്ച് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. തുടർന്നുള്ള സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്മാരിലൊരാളായി ജെസ്സൽ നിയമിതനായി. 2021-22 സീസൺ മുതൽ ക്ലബിന്റെ ഫസ്റ്റ് ക്യാപ്റ്റനും ജെസ്സൽ തന്നെയാണ്.
ഇവരുടെയൊക്കെ പകരക്കാരായി കൊണ്ട് കൂടുതൽ മികച്ച താരങ്ങളെ ക്ലബ്ബ് എത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത സീസണിൽ കിരീടത്തിനായി വെല്ലുവിളിക്കണമെങ്കിൽ കൂടുതൽ മികച്ച താരങ്ങളെ ടീമിലെത്തിക്കണം.