ആർതുറോ വിദാലിന് വേണ്ടി ഒരൊറ്റ ചില്ലിക്കാശ് പോലും ഞങ്ങൾ മുടക്കില്ല, ബാഴ്സയോട് നിലപാട് അറിയിച്ച് ഇന്റർമിലാൻ.

എഫ്സി ബാഴ്സലോണയുടെ മധ്യനിര താരം ആർതുറോ വിദാലിന് വരുന്ന സീസണിൽ തന്റെ ടീമിൽ ഇടമില്ലെന്ന് പരിശീലകൻ റൊണാൾഡ് കൂമാൻ താരത്തെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വിദാൽ പുതിയ ക്ലബ് അന്വേഷിച്ചു തുടങ്ങിയിരുന്നു. ഒടുവിൽ അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നിരുന്നു. വിദാലിന് വേണ്ടി ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ താരത്തിന് വേണ്ടി പണം മുടക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഇന്റർമിലാൻ അറിയിച്ചതായി റിപ്പോർട്ടുകൾ.

ഇറ്റാലിയൻ ന്യൂസ്‌പേപ്പറായ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വിദാലിന് വേണ്ടി ഒരു യുറോ പോലും തങ്ങൾ ചിലവഴിക്കില്ല എന്നാണ് ഇന്റർ മിലാൻ നിലപാട് എടുത്തിരിക്കുന്നത്. ഇതോടു കൂടി താരത്തിന്റെ ഇന്റർ മിലാനിലേക്ക് പോക്ക് വഴിമുട്ടിയതായാണ് റിപ്പോർട്ടുകൾ.ചിലിയൻ മിഡ്‌ഫീൽഡർക്ക് വേണ്ടി ബാഴ്സ ഇന്ററിനോട് ഫീ ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്റർ ഇതിന് തയ്യാറാവാതെ ഇരിക്കുകയായിരുന്നു.

ബാഴ്സ ഒഴിവാക്കുന്നത് കൊണ്ട് തന്നെ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ എത്തിക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു ഇന്റർ. എന്നാൽ ബാഴ്സ അതിന് തയ്യാറാവാതെയിരിക്കുകയായിരുന്നു. താരത്തിന് വേണ്ടി ട്രാൻസ്ഫർ ഫീ ലഭിക്കണം എന്ന് തന്നെയാണ് ബാഴ്സയുടെ നിലപാട്. പ്രത്യേകിച്ച് ബാഴ്സ സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന വേളയിൽ നഷ്ടകച്ചവടത്തിന് ബാഴ്സ തയ്യാറാവില്ല. ഇതോടെ വിദാൽ ഇന്ററിലേക്ക് എത്താനുള്ള സാധ്യതകൾ കുറവാണ് എന്നാണ് ഇറ്റാലിയൻ മാധ്യമം അറിയിക്കുന്നത്.

കൂടാതെ ക്ലബ് വിടണമെങ്കിൽ കരാർ പ്രകാരം ബാക്കിയുള്ള വർഷത്തെ സാലറി തരണമെന്ന് വിദാൽ ബാഴ്സയോട് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ ബാഴ്സ ഈ ആവിശ്യം അംഗീകരിച്ചിട്ടില്ല. ഇതോടു കൂടി വിദാൽ ഈ സീസണിൽ ബാഴ്സ വിടുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. താരത്തിന് മറ്റേതെങ്കിലും ക്ലബുകളിൽ നിന്ന് മികച്ച ഓഫർ വന്നാൽ ബാഴ്സ അത്‌ പരിഗണിച്ചേക്കും.

Rate this post
inter milanVidal