പിഎസ്ജി കാഴ്ച വെക്കുന്ന പ്രകടനത്തിനനുസരിച്ചുള്ള മതിപ്പ് ടീമിനു ലഭിക്കുന്നില്ലെന്നും ഫ്രഞ്ച് ക്ലബിന് എല്ലാം അനായാസമാണെന്നുള്ള ധാരണയാണ് എല്ലാവർക്കുമെന്നും വെളിപ്പെടുത്തി പരിശീലകൻ തോമസ് ടുഷൽ. ഡോർട്മുണ്ടിൽ നിന്നും ടുഷൽ പിഎസ്ജിയിൽ എത്തിയതിനു ശേഷം രണ്ട് ലീഗ് കിരീടങ്ങളും അവർ സ്വന്തമാക്കിയിരുന്നു. അതു കൂടാതെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലും പിഎസ്ജി കളിച്ചിരുന്നു.
“നിങ്ങൾക്ക് എന്റെ മേൽ വിമർശനങ്ങൾ ഉന്നയിക്കാം, അതു പ്രശ്നമല്ല. എന്നാൽ യാഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചു നോക്കുക. ഇറ്റലിയിൽ യുവന്റസാണോ ഒന്നാമതു നിൽക്കുന്നത്? ഇംഗ്ലണ്ടിൽ അതു മാഞ്ചസ്റ്റർ സിറ്റിയോ ലിവർപൂളോ ആണോ? സ്പെയിനിൽ ബാഴ്സയും റയലുമല്ല ഒന്നാം സ്ഥാനത്തുള്ളത്.” ടുഷൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
“എന്നാൽ ഞങ്ങൾ ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ അതുകണ്ട് എല്ലാവരും പറയും ഓ, പിഎസ്ജിക്ക് എല്ലാം എളുപ്പമാണെന്ന്. എന്നാൽ അതത്ര എളുപ്പമല്ല. ഞങ്ങൾ കാഴ്ച വെക്കുന്നത് ഏറ്റവും മികച്ച പ്രകടനമായതു കൊണ്ടാണ് ലീഗിൽ ഒന്നാമതെന്ന് എല്ലാവരും മനസിലാക്കിയേ തീരൂ.” ടുഷൽ വ്യക്തമാക്കി.
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോൽവി വഴങ്ങിയെങ്കിലും കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച വിജയം പിഎസ്ജി സ്വന്തമാക്കിയിരുന്നു. പുതിയതായി ടീമിലെത്തിയ മോയ്സ് കീൻ മികച്ച പ്രകടനം നടത്തുന്നത് ക്ലബിനു ഗുണമാണെങ്കിലും നെയ്മർക്കേറ്റ പരിക്ക് പിഎസ്ജിക്ക് ആശങ്കയാണ്.