വിനീഷ്യസിനെ സ്വന്തമാക്കാൻ ചരിത്രത്തിലെ റെക്കോർഡ് ഓഫർ നൽകാനൊരുങ്ങി സൗദി വമ്പൻമാർ

യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർതാരങ്ങൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ സൗദി അറേബ്യയിലേക്ക് എത്തുന്ന കാഴ്ച ഫുട്ബോൾ ആരാധകർക്ക് പരിചിതമായിരിക്കുകയാണ്. കഴിഞ്ഞ സീസണിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് എത്തിയതിനുശേഷം യൂറോപ്യൻ താരങ്ങളുടെ ഒഴുക്കാണ് സൗദിയിലേക്ക് എത്തുന്നത്.

നിലവിലെ ബാലൻഡിയോർ അവാർഡ് ജേതാവായ കരീം ബെൻസേമയും നെയ്മർ ജൂനിയറും ഉൾപ്പെടെ സൗദി അറേബ്യൻ ലീഗിൽ കളിക്കാൻ എത്തിയത് യൂറോപ്പിലെ പേര് കേട്ട വമ്പന്മാരാണ്. നിലവിലെ സൗദി ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് റയൽ മാഡ്രിഡിൽ നിന്നും കരീം ബെൻസെമയെയും സൂപ്പർ താരങ്ങളായ എൻഗോളോ കാന്റെ, ഫാബീഞ്ഞോ എന്നിവരെയാണ് ടീമിലെത്തിച്ചത്.

സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് നിലവിലെ ലീഗ് ചാമ്പ്യന്മാർ സീസണിന് മികച്ച വിജയത്തോടെ തുടക്കം കുറിച്ചിട്ടുണ്ട്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇതിഹാദ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിനെ കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിനീഷ്യസിന് വേണ്ടി റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് അൽ ഇതിഹാദ് ഓഫർ ചെയ്യുന്നത്.

320മില്യൺ യൂറോയുടെ വമ്പൻ ഓഫർ ആണ് വിനീഷസ് ജൂനിയറിനു വേണ്ടി നൽകാൻ പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 320 മില്യൺ യൂറോയുടെ ലോകറെക്കോർഡ് ട്രാൻസ്ഫർ തുക റയൽ മാഡ്രിഡിന് നൽകി കൊണ്ട് ബ്രസീലിയൻ യുവതാരത്തിനെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇതിഹാദിന് കഴിയുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ അറിയാം.

3/5 - (2 votes)