വിനീഷ്യസിന് ബാഴ്‌സലോണയിൽ നിന്നും പിന്തുണ, മത്സരങ്ങൾ നിർത്തിവെക്കണമെന്ന് സാവി

ഫുട്ബോൾ ആവേശത്തിന്റെ നിറം കെടുത്തുന്ന സംഭവമാണ് റേസിസം. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിനു വലിയ രീതിയിലുള്ള വംശീയമായ അധിക്ഷേപം വലൻസിയ ആരാധകരിൽ നിന്നുമുണ്ടായി. ഇതിൽ പ്രതികരണമറിയിച്ച ലാ ലിഗ പ്രസിഡന്റ് അധിക്ഷേപിച്ച ആരാധകരുടെ ഒപ്പം നിന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

സംഭവത്തിൽ വലിയ രീതിയിലുള്ള പിന്തുണ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനെതിരെ ലാ ലിഗ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഇപ്പോൾ ബാഴ്‌സലോണ പരിശീലകനായ സാവിയും ബ്രസീലിയൻ താരത്തിന് തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്താണ് സാവി വിനീഷ്യസിന് തന്റെ പിന്തുണ അറിയിച്ചത്.

“വംശീയാധിക്ഷേപം പൊതുവെ സംഭവിക്കുന്നുണ്ട്. അതൊരു വലിയ നാണക്കേടാണ്, പ്രത്യേകിച്ചും 2023ലും അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ. താരങ്ങളോ ക്ലബുകളോ, ബാഡ്‌ജുകളോ നോക്കാതെ അതിനെ അപലപിക്കണം. വിനീഷ്യസിന് നേരിട്ട അധിക്ഷേപത്തിന് വലൻസിയ അത് ചെയ്യുന്നുണ്ട്. വംശീയചിന്ത തീർത്തും ഇല്ലാതാകേണ്ടത് അനിവാര്യമാണ്.” സാവി പറഞ്ഞു.

“മത്സരങ്ങൾ നിർത്തി വെക്കണമെന്ന് ഞാൻ എല്ലായിപ്പോഴും ചിന്തിക്കാറുണ്ട്. ഈ സ്പോർട്ടിൽ മാത്രമാണ് അധിക്ഷേപങ്ങളും സ്വീകരിക്കപ്പെടുന്നത്. നമ്മൾ ജോലി ചെയ്യുമ്പോൾ അവർ അധിക്ഷേപങ്ങൾ നടത്തുന്നത് കേൾക്കാം. ഒരു ബേക്കർക്കോ ജേർണലിസ്റ്റിനോ അങ്ങിനെയുണ്ടാകില്ല. അങ്ങിനെ സംഭവിക്കുമ്പോൾ മത്സരം നിർത്തിപോണം. ഇത് പ്രസിഡന്റിനും ഫെഡറേഷനുമുള്ള സന്ദേശമാണ്.” സാവി വ്യക്തമാക്കി.

സ്‌പാനിഷ്‌ ക്ലബുകളുടെ ആരാധകരിൽ നിന്നും ഇതാദ്യമായല്ല വിനീഷ്യസ് ജൂനിയർ വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നത്. പലപ്പോഴും താരം പരാതിപ്പെടുകയും പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും അതിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ വിനീഷ്യസ് തുടർച്ചയായി ഇതിനു വിധേയമാകുന്നത് തീർത്തും അപലപനീയമാണ്.

4/5 - (4 votes)