വിരമിക്കൽ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും തന്റെ ഒരേയൊരു ലക്ഷ്യം യുവന്റസിനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടലുമാണെന്ന് തുറന്നു പറഞ്ഞ് യുവന്റസ് നായകൻ ജോർജിയോ ചില്ലിനി. കഴിഞ്ഞ ദിവസം ഫാൻപേജ് ഡോട്ട് ഇറ്റിന് നൽകിയ അഭിമുഖത്തിലാണ് ചില്ലിനി ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിച്ചത്. ഈ വരുന്ന ചാമ്പ്യൻസ് ലീഗ് നേടൽ തന്നെയാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും 1996 മുതൽ യുവന്റസ് ആഗ്രഹിച്ചിരുന്ന ഒരേയൊരു കാര്യം അതാണെന്നുമാണ് യുവന്റസ് നായകൻ വെളിപ്പെടുത്തിയത്.
2005-ലായിരുന്നു ചില്ലിനി യുവന്റസിൽ എത്തിയത്. അന്ന് മുതൽ ഇന്ന് വരെ താരം യുവന്റസിന്റെ പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ്. നിലവിൽ മുപ്പത്തിയാറുകാരനായ താരത്തിന് ഇനി അധികകാലമൊന്നും യുവന്റസിൽ അവശേഷിക്കുന്നില്ല. എന്നാൽ വിരമിക്കണമെന്ന കാര്യം തന്നെ ഭയപ്പെടുത്തിന്നില്ലെന്ന് ചില്ലിനി അഭിപ്രായപ്പെട്ടിരിക്കുന്നു. അതേ സമയം 2020 യുറോക്ക് ശേഷം വിരമിക്കാൻ തീരുമാനം എടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
” ചാമ്പ്യൻസ് ലീഗ് കിരീടം ഒരു സ്വപ്നമാണ്. അതിനേക്കാളുപരി അതൊരു ലക്ഷ്യവുമാണ്. അത് ഞങ്ങൾ ആഗ്രഹിക്കുന്നു. 1996 മുതൽ യുവന്റസ് ആഗ്രഹിക്കുന്നതും അതാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എത്തിച്ചത് മുതൽ അദ്ദേഹം അദ്ദേഹത്തിന്റെ മൂല്യം യുവന്റസിനോടൊപ്പം ചേർക്കുന്നുണ്ട്. അദ്ദേഹം ഇവിടേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അദ്ദേഹം വന്നതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇത്പോലെയൊരു ജേതാവിനൊപ്പം കളിക്കുന്നത് തന്നെ മഹത്തായ ഒരു കാര്യമാണ് ” ചില്ലിനി തുടരുന്നു.
” വിരമിക്കലിനെ കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. അതിന്റെ എല്ലാ വശങ്ങളെ വിലയിരുത്താറുമുണ്ട്. പക്ഷെ അതന്നെ ഭയപ്പെടുത്താറില്ല. ഞാൻ ഒരിക്കലും എന്റേതായ പരിമിതികൾ നിജപ്പെടുത്തി വെച്ചിട്ടില്ല. പക്ഷെ എനിക്ക് കുറച്ചു കാലമേ ഒള്ളൂ എന്നതിനെ കുറിച്ച് ഞാൻ തീർച്ചയായും ബോധവാനാണ് ” ചില്ലിനി അവസാനിപ്പിച്ചു.