കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലേറ്റ നാണംകെട്ട തോൽവിയോടെ നിരവധി താരങ്ങൾ ബാഴ്സക്ക് പുറത്തേക്ക് പോവുമെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ അത്രത്തോളമില്ലെങ്കിലും ഒരുപിടി താരങ്ങൾ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയോട് വിടചൊല്ലി. ഏറ്റവും അവസാനം ബാഴ്സയോട് വിടപറഞ്ഞത് സൂപ്പർ താരം ലൂയിസ് സുവാരസാണ്. അത്ലറ്റിക്കോ മാഡ്രിഡാണ് താരത്തെ ടീമിൽ എത്തിച്ചത്. എന്നാൽ യഥാർത്ഥത്തിയ ഈ താരങ്ങളെ കൈമാറിയതിൽ ഒന്നും തന്നെ വലിയ തോതിൽ ലാഭമുണ്ടാക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.
ആർതർ മെലോ : സീസൺ അവസാനിക്കും മുമ്പേ ബാഴ്സ യുവന്റസിന് കൈമാറിയ താരം. 72 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബാഴ്സക്ക് യുവന്റസിൽ നിന്നും ലഭിച്ചത്. കൂടാതെ പത്ത് മില്യൺ യുറോ വരെ ആഡ് ഓൺസായി ബാഴ്സക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ പ്യാനിക്കിന് വേണ്ടി ബാഴ്സ 60 മില്യൺ യുറോ മുടക്കിയിട്ടുണ്ട്. 31 മില്യൺ യുറോക്കായിരുന്നു താരത്തെ ബാഴ്സ ഗ്രിമിയോയിൽ നിന്നും എത്തിച്ചത്. ചുരുക്കത്തിൽ ലാഭമുണ്ടാക്കാൻ ബാഴ്സക്ക് കഴിഞ്ഞില്ല എന്നർത്ഥം.
ഇവാൻ റാക്കിറ്റിച്ച് : കേവലം ഒന്നര മില്യൺ യുറോക്കാണ് താരത്തെ ബാഴ്സ സെവിയ്യക്ക് കൈമാറിയത്. ആഡ് ഓൺസായ് ഒമ്പത് മില്യൺ വരെ ലഭിക്കാം. പക്ഷെ താരത്തെ ഒഴിവാക്കാൻ കാരണം താരത്തിന്റെ സാലറിയാണ്. ഒമ്പത് മില്യൺ യുറോയാണ് താരത്തിന്റെ സാലറി. ഇത് ലാഭിക്കാൻ വേണ്ടിയാണ് താരത്തെ തുച്ഛമായ തുകക്ക് പോലും സെവിയ്യക്ക് കൈമാറിയത്.
ആർതുറോ വിദാൽ : ഫ്രീ ട്രാൻസ്ഫറിൽ ഇന്ററിൽ എത്തി. അതായത് ഒരൊറ്റ പണം പോലും ബാഴ്സക്ക് ലഭിച്ചില്ല എന്നർത്ഥം. ആഡ് ഓൺസായി ഒരു മില്യൺ വരെ ലഭിക്കാം. താരത്തിനും ഒമ്പത് മില്യൺ തന്നെയാണ് സാലറി. ഇത് ലാഭിക്കാം.
നെൽസൺ സെമെഡോ : മുപ്പത് മില്യൺ യുറോക്കാണ് താരത്തെ വോൾവ്സിന് കൈമാറിയത്. പത്ത് മില്യൺ വരെ ആഡ് ഓൺസായി ലഭിക്കാം. പക്ഷെ 30 മില്യണിന് തന്നെയായിരുന്നു താരത്തെ ബെൻഫിക്കയിൽ നിന്നും ലഭിച്ചത്.
ലൂയിസ് സുവാരസ് : ഫ്രീ ട്രാൻസ്ഫറിൽ തന്നെയാണ് താരം അത്ലറ്റിക്കോയിൽ എത്തുന്നത്. എന്നാൽ ആറു മില്യനോളം ലഭിക്കുമെന്നാണ് ബാഴ്സ പറയുന്നത്. ഏതായാലും സുവാരസിന്റെയും നഷ്ടകച്ചവടം തന്നെയാണ്.താരത്തിന്റെ സാലറി ലാഭിക്കാം എന്നതാണ് ആശ്വാസം.