ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം നിരവധി പുരസ്‌കാരങ്ങൾ മെസിയെ തേടിയെത്തിയിരുന്നു. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരമടക്കം അതിൽ ഉൾപ്പെടുന്നുണ്ട്. ഇതോടെ അടുത്ത ബാലൺ ഡി ഓർ മെസിക്കാവുമെന്ന് ഏവരും വിലയിരുത്തുന്നു. നിലവിൽ ഏഴു ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടുള്ള മെസി പുരസ്‌കാരം ഏറ്റവുമധികം തവണ നേടിയ താരം കൂടിയാണ്.
എന്നാൽ ലയണൽ മെസി അടുത്ത സീസണിൽ ബാലൺ ഡി ഓർ നേടില്ലെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വെയ്ൻ റൂണി പറയുന്നത്. മെസി വളരെ മികച്ച താരമാണെങ്കിലും ഇത്തവണ പുരസ്‌കാരം നേടാൻ ഏറ്റവുമധികം സാധ്യത മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ അടിച്ചു കൂട്ടി റെക്കോർഡുകൾ സ്വന്തമാക്കുന്ന എർലിങ് ഹാലാൻഡിനാണെന്നാണ് റൂണി പറയുന്നത്.
ആർക്കാണ് ബാലൺ ഡി ഓർ നേടാൻ സാധ്യതയെന്ന് നോക്കുമ്പോൾ അവിടെ കാണാൻ കഴിയുക ഹാലൻഡിനെ ആയിരിക്കും. ഇതേ ഫോം സീസണിന്റെ അവസാനം വരെ നിലനിർത്താൻ കഴിഞ്ഞാൽ താരത്തിനത് കഴിയുമെന്നുറപ്പാണ്. തന്റെ നിലവാരം ഒരിക്കലും താന് പോയിട്ടില്ലെന്നത് 264 മത്സരങ്ങളിൽ നിന്നും 224 ഗോളുകൾ നേടിയതിലൂടെ ഹാലാൻഡ് കാണിച്ചു തരുന്നു.”
ഹാലാൻഡിനു ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളെന്നു തരത്തിൽ നേടാൻ കഴിയുമെന്നാണ് താൻ കരുതിയതെന്നും എന്നാൽ 28 മത്സരങ്ങളിൽ 32 ഗോളുകൾ നേടി താരം അത് തെറ്റാണെന്ന് തെളിയിച്ചുവെന്നും റൂണി പറഞ്ഞു. മെസി, റൊണാൾഡോ യുഗം കഴിഞ്ഞതിനു ശേഷം ഇനി ഹാലാൻഡ്, എംബാപ്പെ എന്നിവരുടെ കാലഘട്ടമാണ് വരാനിരിക്കുന്നതെന്നും താരം വ്യക്തമാക്കി.
Ballon d’Or 2023: Wayne Rooney names player to win award https://t.co/VqueuciezV
— Daily Post Nigeria (@DailyPostNGR) April 23, 2023
മെസിയുടെ ബാലൺ ഡി ഓർ സാധ്യതകൾക്ക് ഹാലാൻഡ് വെല്ലുവിളി ഉയർത്താനുള്ള സാധ്യതകൾ കൂടുതലാണ്. ഈ സീസണിൽ മൂന്നു കിരീടങ്ങൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിയും. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ഈ നേട്ടങ്ങൾ സ്വന്തമാക്കിയാൽ ഹാലാൻഡ് മെസിയെ മറികടന്ന് പുരസ്‌കാരം സ്വന്തമാക്കാൻ സാധ്യതയുണ്ട്.