❛ബ്രസീൽ ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ ഞങ്ങൾ ആഘോഷിച്ചിരുന്നു, അതിനെ ശാസിച്ചത് അർജന്റീന പരിശീലകൻ❜

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഒരേ ദിവസമായിരുന്നു അർജന്റീനയുടെയും ബ്രസീലിന്റെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടന്നിരുന്നത്.ആദ്യം ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.ആ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ പരാജയപ്പെടുകയും ഖത്തർ വേൾഡ് കപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോവുകയും ചെയ്തു.

പിന്നീടാണ് അർജന്റീനയും ഹോളണ്ടും തമ്മിൽ ഏറ്റുമുട്ടിയത്.ഒരു ത്രില്ലർ സിനിമക്ക് സമാനമായിരുന്നു ആ മത്സരത്തിലെ സംഭവവികാസങ്ങൾ.പക്ഷേ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഹോളണ്ടിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിക്കുകയും അവർ മുന്നോട്ടു പോവുകയും ചെയ്തു.പിന്നീട് അർജന്റീനയുടെ കുതിപ്പ് കിരീടത്തിലാണ് അവസാനിച്ചത്.

ബ്രസീലിന്റെ പുറത്താവിൽ അർജന്റീന ക്യാമ്പിൽ വലിയ ആഘോഷമുണ്ടാക്കി എന്നുള്ളത് നേരത്തെ തന്നെ പപ്പു ഗോമസ് വെളിപ്പെടുത്തിയിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഡി പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.ബ്രസീലിന്റെ പുറത്താവൽ തങ്ങൾ ആഘോഷിച്ചപ്പോൾ സ്കലോണി അതിൽ നിന്നും വിലക്കി എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.ടിവൈസി സ്പോർട്സിന് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ഡി പോൾ.

‘ഞങ്ങൾ ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിൽ വെച്ചുകൊണ്ടാണ് ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള പെനാൽറ്റി ഷൂട്ടൗട്ട് കണ്ടത്.ബ്രസീൽ പുറത്തായപ്പോൾ ഞങ്ങളെല്ലാവരും അത് ആഘോഷിച്ചു.ആ സമയത്താണ് പരിശീലകനായ സ്കലോണി ഡ്രസ്സിംഗ് റൂമിലേക്ക് കടന്നുവന്നത്.നിങ്ങൾ എന്തിനാണ് ഇങ്ങനെ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്?ആദ്യം പോയി വിജയിക്കാൻ നോക്കൂ?ഇതായിരുന്നു ആ സമയത്ത് സ്കലോണി ഞങ്ങളോട് പറഞ്ഞിരുന്നത് ‘ഡി പോൾ വ്യക്തമാക്കി.

ഡിസംബർ 18ന് ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരമാണ് അവസാനമായി അർജന്റീന ദേശീയ ടീം കളിച്ചിട്ടുള്ളത്.ഇനി ഈ മാസമാണ് വീണ്ടും അർജന്റീന നാഷണൽ ടീമിനെ കളിക്കളത്തിൽ കാണാൻ കഴിയുക.2 ഫ്രണ്ട്‌ലി മത്സരങ്ങളാണ് സ്വന്തം നാട്ടിൽ വെച്ചുകൊണ്ട് അർജന്റീന ഇത്തവണ കളിക്കുക.

Rate this post
Argentina