2022-23 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഒഡീഷ എഫ്‌സിയോട് 2-1 ന് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു.കഴിഞ്ഞ ആഴ്ച എടികെ മോഹൻ ബഗാനെതിരെ 5-2ന് തോറ്റ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിനിറങ്ങിയെങ്കിലും പദ്ധതിയനുസരിച്ച് കാര്യങ്ങൾ നടന്നില്ല.
ഹർമൻജോത് ഖബ്രയുടെ ഗോളിൽ മഞ്ഞപ്പട ഒരു ഗോളിന്റെ ലീഡ് നേടിയിരുന്നു. അഡ്രിയാൻ ലൂണയുടെ ക്രോസിന്റെ അവസാനം വെറ്ററൻ ഡിഫൻഡർ സന്ദർശകർക്ക് ലീഡ് നൽകി.രണ്ടാം പകുതിയിൽ ജെറി മാവിഹ്മിംഗ്താംഗയുടെയും പെഡ്രോ മാർട്ടിന്റെയും ഗോളിൽ ഒഡീഷ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. ആദ്യ ഹോം മാച്ചിൽ ജോസെപ് ഗോമ്പൗവിന്റെ ടീം ജയം രേഖപ്പെടുത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് നിരാശ സമ്മാനിച്ചു.
“ഇന്നത്തെ മത്സരം മോശമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഓരോ നിമിഷവും പന്തിനായി പോരാടേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. മത്സരത്തിന്റെ ഒരു ഭാഗത്ത് ഞങ്ങൾ വളരെ മികച്ചു നിന്നു. ഞങ്ങൾ മത്സരം നിയന്ത്രിച്ചു. എല്ലാം ഞങ്ങളുടെ നിയന്ത്രണ പരിധിയിൽ ആയിരുന്നു. ഞങ്ങൾ ഗോളും നേടി. ഗോളുകൾ വഴങ്ങുമ്പോൾ സ്വാഭാവികമായും ആശങ്കകളുണ്ടാകും. എന്നാൽ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതിനു ശേഷവും എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മത്സരം നിയന്ത്രണത്തിലാക്കാനും ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ രണ്ടാം ഗോൾ വഴങ്ങിയപ്പോൾ ഒരു പരിശീലകനെന്ന നിലയിൽ അതെനിക്ക് അസ്വസ്ഥതയുണ്ടാക്കി.”
“ഒരു ടീമെന്ന നിലയിലും ക്ലബ്ബെന്ന നിലയിലും 24 മണിക്കൂറിന്റെ നിയമം ഞങ്ങൾക്കുമുണ്ട്, ജയിച്ചാലും തോറ്റാലും! ജയിച്ചാൽ ആ ആവേശത്തിൽ ഞങ്ങൾ 24 മണിക്കൂർ സന്തോഷിക്കും. തോറ്റാലും 24 മണിക്കൂറിൽ ഞങ്ങളാ നിരാശ മറികടക്കണം. അടുത്ത കളിക്കായി തയ്യറെടുക്കാനായി പോകണം. പോയിന്റ് നഷ്ടപ്പെട്ടതിൽ ഞങ്ങൾ അസന്തുഷ്ടരാണ്. എന്നാൽ ഞങ്ങൾ അതിനെ മറന്ന് അടുത്ത കളിക്കായി തയ്യാറെടുക്കണം.ഞങ്ങൾ ചില പോസിറ്റീവ് കാര്യങ്ങൾ കാണിച്ചുവെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ എല്ലായ്പ്പോഴും പോസിറ്റീവ് കാര്യങ്ങൾക്കൊപ്പം തുടരും. ഞങ്ങൾക്ക് ഒരു സ്വപ്നമുണ്ട്, ഞങ്ങൾ തുടരാൻ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ ഗെയിമുകളും ബുദ്ധിമുട്ടാണ്, എല്ലാ ഗെയിമുകളും ഒരു പോരാട്ടമാണ്.” ഇവാൻ പറഞ്ഞു.