ലയണൽ മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും ക്രൊയേഷ്യൻ സൂപ്പർതാരത്തിന് പറയാനുള്ളത് |Qatar 2022

ലോകകപ്പ് സെമി ഫൈനലിൽ അർജന്റീനയെ നേരിടാൻ തയ്യാറെടുത്തു കൊണ്ടിരിക്കെ ലയണൽ മെസിയെക്കുറിച്ചും അർജന്റീന ടീമിനെക്കുറിച്ചും സംസാരിച്ച് ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. ലയണൽ മെസിക്കെതിരെ ക്രൊയേഷ്യൻ താരങ്ങൾ ബുദ്ധിമുട്ടുമെങ്കിലും അർജന്റീനയെ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ടെന്ന് ലൂക്ക മോഡ്രിച്ച് പറയുന്നു. ഒരിക്കലും തളരാതെ പൊരുതുന്ന റയൽ മാഡ്രിഡിന്റെ ഡിഎൻഎയാണ് ക്രൊയേക്കുള്ളതെന്നും അതവരുടെ പ്രകടനത്തെ സഹായിക്കുന്നുണ്ടെന്നും മോഡ്രിച്ച് വ്യക്തമാക്കി.

അർജന്റീനയെ ലയണൽ മെസി നയിക്കുന്നതു പോലെ ക്രൊയേഷ്യൻ ടീമിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന താരം മുപ്പത്തിയേഴു വയസുള്ള മോഡ്രിച്ചാണ്. താരനിബിഢമായ നിരവധി ടീമുകളെ അട്ടിമറിച്ച് തുടർച്ചയായ രണ്ടാമത്തെ തവണയും ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനലിലെത്തിക്കാൻ മോഡ്രിച്ച് ഒരുങ്ങുമ്പോൾ മുന്നിലുള്ളത് മറ്റൊരു പത്താം നമ്പർ താരമായ മെസിയാണ്. റൊണാൾഡോയുടെയും മെസിയുടെയും കാലഘട്ടത്തിൽ ബാലൺ ഡി ഓർ ഉയർത്തിയ മോഡ്രിച്ച് അർജന്റീന ടീമിനെക്കുറിച്ച് സംസാരിച്ചത് ഇങ്ങിനെയായിരുന്നു.

“ഒരു വലിയ ടീമിനെതിരെ സെമിഫൈനൽ കളിക്കുകയാണ് എനിക്ക് വേണ്ടത്, ഒരു താരത്തിനെതിരെയല്ല. തീർച്ചയായും ലിയോ വളരെ വലുതാണ്, അവരുടെ ഏറ്റവും മികച്ച താരമാണ്, ഞങ്ങൾ അവനെ തടുക്കാൻ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്യും. പക്ഷെ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, അതിനായി എല്ലാം നൽകും. ഫൈനലിലെത്താൻ അതു മതിയാകുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്.” മോഡ്രിച്ച് പറഞ്ഞു.

ക്രൊയേഷ്യൻ ടീമിന് റയൽ മാഡ്രിഡിന്റെ പോരാട്ടവീര്യമാണുള്ളതെന്നും മോഡ്രിച്ച് പറഞ്ഞു. “ഞങ്ങൾക്ക് റയൽ മാഡ്രിഡിന്റെ അതെ ഡിഎൻഎ ആണുള്ളതെന്ന് നിങ്ങൾക്ക് പറയാം. കാരണം ഞങ്ങൾ അവസാനം വരെയും മുന്നോട്ടു പോകും, ഒരിക്കലും തോൽക്കാൻ തയ്യാറല്ല.”

ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ അർജന്റീനക്ക് കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും ക്രൊയേഷ്യയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. എന്നാൽ മികച്ച പ്രകടനം നടത്തി ഒരിക്കൽക്കൂടി ലോകകപ്പിന്റെ സെമി ഫൈനലിലെത്താൻ അവർക്ക് കഴിഞ്ഞു. അതേസമയം അർജന്റീന തിരിച്ചടിയോടെയാണ് ലോകകപ്പിലെ ആദ്യ മത്സരം തുടങ്ങിയത്. സൗദി അറേബ്യക്കെതിരെ തോൽവി വഴങ്ങിയ ടീം പിന്നീട് നടന്ന എല്ലാ മത്സരത്തിലും വിജയം നേടിയാണ് സെമിയിൽ എത്തിയത്.

Rate this post
FIFA world cupLionel Messiluka modricQatar2022