ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലംപാർഡിന്റെ നീലപ്പട റെന്നസിനെ തകർത്തു വിട്ടത്. മത്സരത്തിൽ ലഭിച്ച രണ്ട് പെനാൽറ്റികളും ഗോളാക്കി മാറ്റി കൊണ്ട് ഇരട്ടഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം ടിമോ വെർണറിന് സാധിച്ചിരുന്നു. എന്നാൽ ഇതിന് മുമ്പ് വരെ പെനാൽറ്റി എടുത്തിരുന്ന ജോർജിഞ്ഞോയെ തൽസ്ഥാനത്ത് നിന്നും നീക്കികൊണ്ട് ടിമോ വെർണറിനെ ലംപാർഡ് നിയമിക്കുകയുമായിരുന്നു. ഇതിന് മുമ്പത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതായിരുന്നു ജോർജിഞ്ഞോക്ക് തിരിച്ചടിയായത്.
ആ മത്സരത്തിന് ശേഷം ജോർജിഞ്ഞോയെ നീക്കാൻ ആലോചിക്കുന്നുണ്ടെന്ന് ലംപാർഡ് വെളിപ്പെടുത്തിയിരുന്നു. ഈ തീരുമാനത്തിന് ജോർജിഞ്ഞോ സമ്മതം മൂളിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലംപാർഡ്. തന്നെ നീക്കം ചെയ്ത് പെനാൽറ്റികൾ വെർണറിന് നൽകുന്നതിൽ യാതൊരു വിധ എതിർപ്പും താരം പ്രകടിപ്പിച്ചില്ലെന്ന് ലംപാർഡ് വെളിപ്പെടുത്തി. ഒരു യഥാർത്ഥ പ്രൊഫഷണലിന് ഉദാഹരണമാണ് ജോർജിഞ്ഞോ എന്നാണ് ലംപാർഡ് താരത്തെ പറ്റി പറഞ്ഞത്.
” പെനാൽറ്റികൾ വെർണറിന് കൈമാറാനുള്ള ആ തീരുമാനം കൈക്കൊള്ളൽ എളുപ്പമായിരുന്നില്ല. കാരണം ജോർജിഞ്ഞോ മികച്ച രീതിയിൽ തന്നെ പെനാൽറ്റി എടുത്തിരുന്ന ഒരാളാണ്. ടിമോ കഴിഞ്ഞ മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തിയിട്ടുമുണ്ട്. ഞാൻ ഇക്കാര്യത്തെ സംബന്ധിച്ച് ജോർജിഞ്ഞോയുമായി സംസാരിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതം അറിയിക്കുകയാണ് ചെയ്തത്. ഒരു യഥാർത്ഥ പ്രൊഫഷണലിന്റെ ഉദാഹരണമാണ് അദ്ദേഹം. പെനാൽറ്റി ആര് എടുക്കുന്നു എന്നുള്ളത് അദ്ദേഹം കാര്യമാക്കുന്നില്ല. അദ്ദേഹത്തിന് വേണ്ടത് ചെൽസി ഗോളുകൾ സ്കോർ ചെയ്യണം എന്നത് മാത്രമാണ് ” ലംപാർഡ് തുടരുന്നു.
” നിലവിൽ ടിമോയാണ് ചെൽസിയുടെ പെനാൽറ്റികൾ എടുക്കുന്ന ആൾ. അദ്ദേഹം വളരെ ഭംഗിയായി തന്നെ ആ ജോലി നിർവഹിക്കുന്നു. അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ്. നിങ്ങൾക്ക് ഒരു സീസണിൽ ഇരുപതോ അതിൽ കൂടുതലോ ഗോളുകൾ നേടണമെങ്കിൽ നിങ്ങൾ കുറച്ചൊക്കെ പെനാൽറ്റികൾ എടുക്കേണ്ടി വരും. ജോർജിഞ്ഞോ ഇക്കാര്യത്തിൽ നല്ല തീരുമാനം കൈകൊണ്ടതിൽ ഞാൻ സന്തോഷവാനാണ്. ഞങ്ങൾ ഒരിക്കലും സെൽഫിഷ് അല്ല. ടീമിന് എന്താണോ നല്ലത് ആ വഴിയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത് ” ലംപാർഡ് ബിട്ടി സ്പോർട്സിനോട് പറഞ്ഞു.