അമേരിക്കയുടെ സൂപ്പർതാരമായ വെസ്റ്റേൺ മക്കെന്നി ഇറ്റാലിയൻ ഭീമന്മാരായ യുവന്റസിന് വേണ്ടിയാണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. പ്രീമിയർ ലീഗിലേക്ക് പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.മക്കെന്നി ആഴ്സണലിലേക്ക് ചേക്കേറും എന്ന റൂമറുകൾ സജീവമായിരുന്നു.
പക്ഷേ നിലവിൽ ഈ അമേരിക്കൻ താരം ലീഡ്സ് യുണൈറ്റഡിലേക്ക് എത്താനാണ് ഏറ്റവും കൂടുതൽ സാധ്യത.ലീഡ്സുമായി പേഴ്സണൽ അഗ്രിമെന്റിൽ എത്താൻ ഇപ്പോൾ മക്കെന്നിക്ക് സാധിച്ചിട്ടുണ്ട്. ഇനി യുവന്റസും ലീഡ്സും തമ്മിലാണ് ധാരണയിൽ എത്തേണ്ടത്. അതിന് സാധിച്ചാൽ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ മക്കെന്നി ലീഡ്സ് യുണൈറ്റഡിൽ എത്തിയേക്കും.
താരം ആഴ്സണലിലേക്ക് എത്തിയേക്കും എന്ന റൂമറിന്റെ താഴെ ഒരു ആരാധകൻ വളരെയധികം പരിഹാസത്തോടുകൂടിയായിരുന്നു മക്കെന്നിയെ കുറിച്ച് സംസാരിച്ചിരുന്നത്.’ ആർട്ടെറ്റയുടെ ആഴ്സണൽ ടീമിൽ മികവ് പുലർത്താൻ വേണ്ടിയുള്ള സാങ്കേതികമായ ക്വാളിറ്റി മക്കന്നിക്ക് ഇല്ല. മാത്രമല്ല ക്രിയേറ്റീവ് പാസിംഗ് ഐക്യൂവും താരത്തിന് ഇല്ല. പൊസിഷണൽ ഐക്യൂവും ഇല്ല.ഗ്രാനിത് ഷാക്കയുടെ സ്ഥാനത്തേക്ക് ഒരു അമേരിക്കക്കാരനെ എത്തിക്കണം എന്നുണ്ടെങ്കിൽ മക്കെന്നിയെ സൈൻ ചെയ്യുന്നതിനേക്കാൾ നല്ലത് മൂസയെ സൈൻ ചെയ്യുന്നതാണ് ‘ ഇതായിരുന്നു ഒരു ആർസണൽ ഫാൻ എഴുതിയിരുന്നത്.
പക്ഷേ മക്കെന്നിയുടെ പിതാവ് ഈ ആരാധകനെ പരിഹസിച്ചുകൊണ്ട് ഒരു മറുപടി നൽകിയിട്ടുണ്ട്.നിങ്ങൾ എന്താണ് വലിച്ച് കേറ്റി കൊണ്ടിരിക്കുന്നത്, അത് എനിക്ക് കുറച്ച് കിട്ടുമോ എന്നായിരുന്നു മക്കെന്നിയുടെ പിതാവായ ജോൺ മക്കെന്നി ആരാധകനോട് ചോദിച്ചിരുന്നത്. ഈ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുമുണ്ട്.
നിലവിൽ ഈ താരം ലീഡ്സ് യുണൈറ്റഡിൽ എത്താൻ തന്നെയാണ് സാധ്യതയുള്ളത്.രണ്ട് അമേരിക്കൻ താരങ്ങൾ അവിടെ കളിക്കുന്നുണ്ട്.ആരോൺസൺ,ടൈലർ ആഡംസ് എന്നിവർ ലീഡ്സ് യുണൈറ്റഡ് താരങ്ങളാണ്. മാത്രമല്ല അമേരിക്കൻ പരിശീലകനായ ജസേ മാർഷാണ് ലീഡ്സിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അങ്ങോട്ട് ചേക്കേറുന്നത് ഈ താരത്തിന് ഗുണകരമായ കാര്യമായിരിക്കും.