ക്രൊയേഷ്യയെ ഞങ്ങൾ വിശകലനം ചെയ്‌തിട്ടുണ്ട്‌, സെമി ഫൈനൽ പോരാട്ടത്തെക്കുറിച്ച് ലയണൽ സ്‌കലോണി |Qatar 2022

ഖത്തർ ലോകകപ്പിലെ നിർണായകമായ പോരാട്ടത്തിന് ഇന്ന് രാത്രി അർജന്റീന ഇറങ്ങുകയാണ്. 2014ൽ ഫൈനൽ വരെയെത്തി കിരീടം നഷ്‌ടമായ ടീമിന് ഇത്തവണയും ഫൈനലിലേക്ക് മുന്നേറാനും കിരീടത്തിൽ മുത്തമിടാനുമുള്ള അവസരം ഇന്നത്തെ മത്സരത്തിലെ വിജയം നൽകും. എന്നാൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളും ഇത്തവണ ബ്രസീൽ അടക്കമുള്ള വമ്പൻമാരെ കീഴടക്കി എത്തിയ ടീമുമായ ക്രൊയേഷ്യയാണ് അർജന്റീനയുടെ സെമി ഫൈനൽ എതിരാളികൾ എന്നതിനാൽ തന്നെ മത്സരം വളരെ കടുപ്പമുള്ള ഒന്നായി മാറുമെന്നതിൽ സംശയമില്ല.

ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരം ബുദ്ധിമുട്ടേറിയതു തന്നെയാകുമെന്നാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും പറയുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ക്രൊയേഷ്യയെക്കുറിച്ചും അർജന്റീന ടീമിന്റെ പദ്ധതികളെ പറ്റിയും വെളിപ്പെടുത്തിയത്. ക്രൊയേഷ്യൻ നായകനും അവരുടെ സൂപ്പർതാരവുമായ ലൂക്ക മോഡ്രിച്ചിനെ സ്‌കലോണി പ്രശംസിക്കുകയും ചെയ്‌തു.

“ഞങ്ങൾ ക്രൊയേഷ്യയെ ഒരുപാട് വിശകലനം ചെയ്‌തിട്ടുണ്ട്‌. മികച്ച താരങ്ങളടങ്ങിയ മികച്ച ടീമാണവർ. വളരെ ബുദ്ധിമുട്ടേറിയ ഒരു മത്സരമായിരിക്കും ഇത്. മോഡ്രിച്ചിനെ പോലൊരു താരം മൈതാനത്തുള്ളതും അദ്ദേഹത്തിന്റെ കളി കാണാൻ കഴിയുന്നതും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ കഴിവ് മാത്രമല്ല, നൽകുന്ന ബഹുമാനവും അതിനു കാരണമാണ്.” സ്‌കലോണി പറഞ്ഞു.

രണ്ടു ടീമുകളും പ്രതിസന്ധി ഘട്ടങ്ങളെ മറികടന്നാണ് ലോകകപ്പിന്റ സെമി ഫൈനൽ വരെയെത്തിയത്. ക്രൊയേഷ്യ ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ സമനിലയിൽ തുടങ്ങിയപ്പോൾ അർജന്റീന തോൽവിയോടെ തുടങ്ങി. രണ്ടു ടീമുകളും ക്വാർട്ടർ ഫൈനലിൽ ഷൂട്ടൗട്ടിലാണ് വിജയം നേടിയത്. അർജന്റീന രണ്ടു ഗോളിന്റെ ലീഡ് തുലച്ചപ്പോൾ ക്രൊയേഷ്യ പിന്നിൽ നിന്നും വന്നു തിരിച്ചടിച്ചാണ് വിജയം നേടിയത്. അതിന്റെ ആത്മവിശ്വാസം അവർക്കുണ്ടാവുകയും ചെയ്യും.

രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാണ് സെമി ഫൈനൽ. മറ്റു ടീമുകളെ പോലെ എല്ലാ പൊസിഷനിലും ഒന്നിൽ കൂടുതൽ മികച്ച താരങ്ങൾ ഇല്ലാതിരുന്നിട്ടും തന്ത്രങ്ങൾ മെനഞ്ഞാണ് ഈ ടീമുകൾ ഇവിടെ എത്തിയത്. അതിനാൽ തന്നെ തന്ത്രങ്ങളുടെ പോരാട്ടമാകും സെമി ഫൈനലിൽ കാണാൻ കഴിയുക.

Rate this post