പിഎസ്‌ജിയിലെ പ്രതിസന്ധിക്ക് കാരണമെന്താണ്, മുൻ താരം പറയുന്നു

വമ്പൻ താരനിര സ്വന്തമായുണ്ടെങ്കിലും പിഎസ്‌ജി കടന്നു പോകുന്നത് വലിയ പ്രതിസന്ധികളിലൂടെയാണ്. ടീമിന്റെ മോശം ഫോമും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കമില്ലായ്‌മയും ക്ലബിന് തിരിച്ചടി നൽകുന്നുണ്ട്. അതിനു പുറമെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുടെ കുരുക്കിൽപ്പെട്ട് പുതിയ താരങ്ങളെ സ്വന്തമാക്കാൻ കഴിയാതിരുന്നതും ഫ്രഞ്ച് ക്ലബിന് ഈ സീസണിൽ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്.

ഖത്തർ ലോകകപ്പിന് ശേഷം മോശം ഫോമിലേക്ക് പോയ പിഎസ്‌ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തു പോയിരുന്നു. അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനോട് തോൽക്കുകയും ചെയ്‌തു. ഈ സീസണിൽ ലീഗ് കിരീടം തന്നെ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത രീതിയിലാണ് പിഎസ്‌ജി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

പിഎസ്‌ജിയിലെ നിലവിലെ പ്രതിസന്ധിക്ക് മുൻ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോക്ക് വലിയ പങ്കുണ്ടെന്നാണ് ക്ലബിന്റെ മുൻ താരമായ ജെറോം റോത്തൻ പറയുന്നത്. കഴിഞ്ഞ സീസണു ശേഷം ലിയനാർഡോയെ പുറത്താക്കി ലില്ലെയുടെ സ്പോർട്ടിങ് ഡയറക്റ്ററായ് ലൂയിസ് കാംപോസിനെ പിഎസ്‌ജി നിയമിച്ചിരുന്നു. എന്നാൽ ലിയനാർഡോ വരുത്തിയ പിഴവുകൾ ടീമിനെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നുവെന്നാണ് റോത്തൻ പറയുന്നത്.

നിരവധി താരങ്ങൾ ലിയനാർഡോയുടെ കീഴിൽ വളരെ സുഖകരമായി ഇരിക്കുകയായിരുന്നുവെന്നും അവർക്ക് ഉയർന്ന ശമ്പളം ഉണ്ടായിരുന്നുവെന്നും റോത്തൻ പറഞ്ഞു. ഇവരിൽ പലരെയും ലോണിൽ വിട്ടെങ്കിലും ശമ്പളത്തിന്റെ ഒരു ഭാഗം പിഎസ്‌ജി തന്നെയാണ് നൽകുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇവരിൽ പലരും ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നത് പ്രതിസന്ധി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൗറോ ഇകാർഡി, ലിയാൻഡ്രോ പരഡെസ്, വൈനാൾഡാം, കുർസാവ, ഡ്രാക്‌സ്‌ലർ, നവാസ് തുടങ്ങിയ താരങ്ങളാണ് പിഎസ്‌ജിയിൽ നിന്നും ലോണിൽ മറ്റു ക്ലബുകളിൽ കളിക്കുന്നത്. ഇവരെല്ലാവരും അടുത്ത സമ്മറിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തിയാൽ ഒഴിവാക്കുക പിഎസ്‌ജിയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

Rate this post
Psg