ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഞാൻ ആരാധിച്ച ടീമിനായി കളിക്കുന്നത് എന്നത്. അത് ഒരു കളിക്കാരനെ സംബന്ധിച്ച് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരമാണ്. ആ ഒരു അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റർസ് താരം നിഹാൽ സുധീഷ് കടന്നു പോകുന്നത്.കേരള ബ്ലാസ്റ്റേഴ്‌സിനായി ഡെവലപ്‌മെന്റ് ലീഗിൽ നാല് തവണ വലകുലുക്കിയ 21 വയസുകാരൻ ഇന്നലെ ഓഡിഷക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത്.ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് നിർണായകമായത് കോച്ച് ഇവാൻ വുകാമനോവിച്ച് നടത്തിയ ഒരു സബ്സ്റ്റിറ്റ്യൂഷൻ ആയിരുന്നു.70ആം മിനുട്ടിൽ രാഹുലിന് പകരം നിഹാൽ കളത്തിൽ എത്തിയത് മുതൽ ഒഡീഷയ്ക്ക് തലവേദന സൃഷ്ടിക്കാൻ തുടങ്ങി.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിന് പുത്തൻ ഊർജവും നേർക്കാഴ്ചയും പകർന്നുകൊണ്ടാണ് സുധീഷ് പകരക്കാരനായി ഇറങ്ങിയത്. പിന്നീട് അങ്ങോട്ട് ഒഡീഷ പ്രതിരോധനിരക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടുള്ള ബ്ലാസ്റ്റേഴ്സിൻ്റെ തുടർ ആക്രമണങ്ങൾ ആയിരുന്നു. നിഹാലിന്റെ നിരന്തരമായ അറ്റാക്കിംഗ് റണ്ണുകൾ ഒഡീഷക്ക് വലതു വിങ്ങിൽ തലവേദനയായി. നിഹാലിന്റെ ജിയാന്നുവിനായുള്ള ഒരു അളന്നു മുറിച്ചുള്ള പാസ് കേരളത്തിന് രണ്ടാം ഗോൾ നൽകിയേനെ. എന്നാൽ റഫറി ആ നീക്കം ഓഫ്സൈഡാണെന്ന് തെറ്റായി വിധിക്കുകയാണ് ഉണ്ടായത്.
അവസാന നിമിഷം നിഹാലിന്റെ ഒരു ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു.ക്ലബ്ബിന്റെ യൂത്ത് സെറ്റപ്പിൽ നിന്നാണ് നിഹാൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. RF ഡെവലപ്‌മെന്റ് ലീഗ് നിഹാലിന് ഒരു വഴിത്തിരിവായിരുന്നു, കാരണം 7 കളികളിൽ നിന്ന് 4 തവണ ഗോൾ നേടുകയും ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.ഈ വർഷം ആദ്യം നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനും ക്രിസ്റ്റൽ പാലസിനും എതിരെ കളിച്ചു. കനത്ത തോൽവികൾക്കിടയിലും, യുകെയിലേക്കുള്ള യാത്രയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും സാധിച്ചു.
ഇവാൻ വുകൊമാനോവിച്ചിന്റെ സീനിയർ സ്ക്വാഡിലേക്ക് ടിക്കറ്റ് ലഭിച്ച റിസർവ് ടീം കളിക്കാരിൽ ഒരാളാണ് നിഹാൽ സുധീഷ്. എന്നാൽ ടീമിനുള്ളിലെ മത്സരത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.“എന്റെ സ്ഥാനത്ത് മറ്റ് നിലവാരമുള്ള കളിക്കാർ ഉള്ളത് ഒരു അധിക പ്രചോദനമാണ്. റിസർവ് സ്ക്വാഡിൽ നിങ്ങൾക്ക് വലിയ സമ്മർദമില്ലാതെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥാനം ലഭിക്കും, എന്നാൽ ഇവിടെ ഇത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്. ആ സ്ഥാനം നേടാൻ ഞങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം നടത്തണം,” നിഹാൽ അഭിപ്രായപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം നിഹാൽ 2021 ൽ ഇന്ത്യൻ നേവിയിൽ ചേർന്നു, പക്ഷേ ഒരു വർഷത്തിന് ശേഷം അദ്ദേഹം ടീം വിട്ടു. “ഞാൻ വിചാരിച്ചു. ഞാൻ നേവിയിൽ ജോലി ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ അവർ എന്നെ അനുവദിക്കും, പക്ഷേ ആ സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നില്ല. സാഹചര്യത്തെക്കുറിച്ച് ഞാൻ എന്റെ മാതാപിതാക്കളെ ബോധിപ്പിച്ചപ്പോൾ, ജോലി ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ അവർ പിന്തുണച്ചു,” നിഹാൽ പറഞ്ഞു.