ഏകദേശം 17 വർഷം മുമ്പ് 2006 മാർച്ച് 1 ന് മെസ്സിയും മോഡ്രിച്ചും ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടി. മെസ്സി 19 ആം നമ്പർ ജേഴ്സിയിലും മോഡ്രിച്ച് 14-ാം നമ്പർ ജേഴ്സിയിലയുമാണ് കളിച്ചിരുന്നത്.ആറാം മിനിറ്റിൽ മെസ്സി അർജന്റീനയ്ക്കായി ഗോൾ നേടിയെങ്കിലും ക്രൊയേഷ്യ 3-2 ന് അർജന്റീനയെ പരാജയപ്പെടുത്തി.
ആ മത്സരത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം തന്നെയാണ് ഇരു താരങ്ങളും പുറത്തെടുത്തത്. ഇന്ന് ഖത്തർ വേൾഡ് കപ്പിലെ ആദ്യ സെമി ഫൈനലിൽ അർജന്റീനയും -ക്രോയേഷ്യയും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ മോഡ്രിച്ചും മെസ്സിയും തന്നെയാണ് ശ്രദ്ധകേന്ദ്രങ്ങൾ. ഇരുവരും 10 ആം നമ്പർ ജേഴ്സി സ്വന്തമാക്കുകയും ചെയ്തു. ഇതിൽ നിന്നും അവർ അവരുടെ രാജ്യത്തിനു എത്ര പ്രധാനപെട്ടതാണെന്ന് മനസ്സിലാക്കാൻ സാധിക്കും.തങ്ങളുടെ ക്ലബ്ബുകൾക്കായി എല്ലാ തലത്തിലും ട്രോഫികൾ നേടിയവരും, അവരുടെ തലമുറയിലെ ഏറ്റവും മികച്ചവരിൽ ഒരാളായിട്ടും ഇരുവർക്കും ഒരു ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല.
2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ക്രൊയേഷ്യ തോറ്റതിന് ശേഷം മോഡ്രിച്ച് ഗോൾഡൻ ബോൾ കൈക്കലാക്കിയപ്പോൾ, 2014 ൽ ജർമ്മനി അർജന്റീനയെ തോൽപ്പിച്ചതിന് ശേഷം മെസ്സി അതേ ട്രോഫി നേടിയിരുന്നു. വിജയിച്ച ടീമിലെ താരങ്ങളെ മറികടന്ന് ഇവർ ഗോൾഡൻ ബോൾ സ്വന്തമാക്കിയതിൽ നിന്നും അവരുടെ കാളി മികവിനെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.പതിനേഴു വർഷം കായികരംഗത്ത് നീണ്ട കാലമാണ്. മെസ്സിക്ക് ഇപ്പോൾ 35 വയസ്സും മോഡ്രിച്ചിന് 37 വയസ്സും. രണ്ടു കളിക്കാർക്കും അസൂയപ്പെടുത്തുന്ന ഒരു കരിയർ തന്നെ സ്വന്തായിട്ടുണ്ട്.ക്രൊയേഷ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളും (17) പ്രധാന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ മത്സരങ്ങളും (30) കളിച്ചിട്ടുള്ള താരമാണ് മോഡ്രിച്ച്. 24 ലോകകപ്പ് മത്സരങ്ങൾ മെസ്സി തന്റെ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട് .
ഖത്തറിൽ മെസ്സി മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ വിജയങ്ങളിലെല്ലാം നിർണായക സാന്നിധ്യമായ മെസ്സി നാല് ഗോളുകൾ നേടുകയും രണ്ടു അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറുവശത്ത് ഒരു ഗോളും ഒരു അസിസ്റ്റും നേടിയില്ലെങ്കിലും ക്രോയേഷ്യക്കായി മധ്യ നിരയിൽ എണ്ണയിട്ട യന്ത്രം പോലെയാണ് റയൽ മാഡ്രിഡ് താരം കളിച്ചത്. ക്രോയേഷ്യൻ ടീം മുഴുവൻ മോഡ്രിച്ചിന്റെ നിയന്ത്രണത്തിലാണ്.ഒരു മ്യൂസിക് കണ്ടക്ടർ ഓർക്കസ്ട്ര നിയന്ത്രിക്കുന്നത് പോലെയാണ് മോഡ്രിച് ക്രോയേഷ്യയെ മുന്നോട്ട് നയിക്കുന്നത്.
റണ്ണേഴ്സ് അപ്പ് ഫിനിഷ് ചെയ്യുന്നത് നല്ല വികാരമല്ല, തീർച്ചയായും നാല് വർഷത്തിലൊരിക്കൽ മാത്രം വരുന്ന ഒരു ടൂർണമെന്റിൽ. ഇരുവർക്കും ഫുട്ബോളിന്റെ വലിയ വേദിയിൽ ഇനിയിരു അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇന്ന് സെമി ഫൈനൽ പോരാട്ടത്തിന്റെ അവസാന വിസിൽ റഫറി മുഴക്കുമ്പോൾ ഒരു ഇതുഹാസ താരത്തിന്റെ കണ്ണ് നീര് പൊഴിയും എന്ന കാര്യത്തിൽ സംശയമില്ല.അത് മെസ്സിയുടേതെന്നോ അതോ മോഡ്രിച്ചിന്റെതാണോ എന്നറിഞ്ഞാൽ മാത്രം മതി.