മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നഷ്ടം മാഞ്ചസ്റ്റർ സിറ്റിയുടെ നേട്ടമായി മാറിയപ്പോൾ

ഇതുവരെയുള്ള കരിയറിൽ എർലിംഗ് ഹാലാൻഡിൽ നിന്ന് നമ്മൾ എത്രമാത്രം കണ്ടിട്ടുണ്ട് എന്നത് കണക്കിലെടുക്കുമ്പോൾ നോർവീജിയൻ ഇപ്പോഴും ഇരുപതുകളുടെ തുടക്കത്തിലാണെന്ന് നമ്മൾ മറന്നു പോവും.ബുണ്ടസ്‌ലീഗയിൽ ഗോളടിച്ചു കൂട്ടി പ്രീമിയർ ലീഗിലെത്തിയ നോർവീജിയൻ സൂപ്പർ സ്‌ട്രൈക്കർ ഒരു പുതിയ ലീഗുമായി പൊരുത്തപ്പെടാൻ സമയം എടുക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ ചിന്തകളെയെല്ലാം മറികടക്കുന്ന പ്രകടനമാണ് ഹാലാൻഡ് പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ ഡെർബിയിൽ നേടിയ ഹാട്രിക്കോടെ ഹാലൻഡ് പുതിയ റെക്കോർഡുകൾ കുറിച്ചിരിക്കുകയാണ് .എർലിംഗ് ഹാലൻഡ് തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള യാത്രയിലാണെന്ന് തോന്നിയെങ്കിലും ഓൾഡ് ട്രാഫോർഡ് ക്ലബ്ബിനെ അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ഉദ്ദേശമുണ്ടായില്ല. റെഡ് ബുൾ സാൽസ്ബർഗിനൊപ്പം തന്റെ അവിശ്വസനീയമായ 2019-20 സീസണിൽ ഹാലൻഡ് തന്റെ ആദ്യ അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സ്കോർ ചെയ്തു. അദ്ദേഹത്തിന്റെ ഗോൾ സ്കോറിന് മികവ് യൂറോപ്യൻ വമ്പൻ ടീമുകളെയെല്ലാം ആകർഷിക്കുകയും ചെയ്തു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ താല്പര്യം കാണിച്ചിരുന്ന ക്ലബ്ബുകളിൽ ഒന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

അന്നത്തെ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയറുമായുള്ള ബന്ധം കാരണം ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിൽ അവർ മുന്നിലെത്തുകയും ചെയ്തു.മോൾഡിൽ സോൾസ്‌ജെയറിനു കീഴിൽ കളിച്ചിട്ടുള്ള ഹാലാൻഡ് ആ സമയത്ത് 50 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്.2019 ലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഏകദേശം 20 മില്യൺ യൂറോക്കുള്ള കരാറിൽ ഹാലൻഡ് ഓൾഡ് ട്രാഫോഡിലേക്ക് മാറാൻ ഒരുങ്ങുകയായിരുന്നു. എന്നാൽ യുണൈറ്റഡിന്റെ മുൻ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എഡ് വുഡ്‌വാർഡ് പ്ലഗ് പിൻവലിക്കാൻ തീരുമാനിച്ചു. ഹാലാൻഡിന്റെ ഏജന്റ് മിനോ റയോളയുടെ വലിയ ഫീസുകളും റിലീസിംഗ് ക്ലോസിലുള്ള അദ്ദേഹത്തിന്റെ കരാർ ഡിമാൻഡും കാരണം അത് യാഥാർഥ്യമായില്ല.

ജർമ്മൻ ഭീമൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ട് 2019 ഡിസംബർ അവസാനം നാല് വർഷത്തെ കരാറിൽ ഹാലാൻഡുമായി ഒപ്പിട്ടു.എർലിംഗ് ഹാലൻഡ് ഡോർട്ട്മുണ്ടിലെ തന്റെ അരങ്ങേറ്റ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 16 തവണ വല കുലുക്കി.അടുത്ത രണ്ട് സീസണുകളിൽ ബുണ്ടസ്ലിഗയിലും ചാമ്പ്യൻസ് ലീഗിലും താരം ഗോളുകൾ അടിച്ചു കൂട്ടി. ഹാലൻഡിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ 2022-23 സീസണിലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന കളിക്കാരനാക്കി മാറ്റി.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡിന്റെ നഗര എതിരാളികളായ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു.ഹാലാൻഡ് ഇത്തിഹാദിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു, ആഴ്ചയിൽ 375,000 പൗണ്ട് ആണ് വേതനമായി ലഭിക്കുക.ഹാലാൻഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൊടുങ്കാറ്റായി 8 മത്സരങ്ങളിൽ നിന്ന് മൂന്ന് ഹാട്രിക്കുകളോടെ 14 ഗോളുകൾ നേടുകയും ചെയ്തു.

Rate this post