ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ നഷ്‌ടമാവുക ഏതൊക്കെ അർജന്റീന താരങ്ങൾക്ക് |Qatar 2022

ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും സംഭവബഹുലമായ മത്സരങ്ങളിൽ ഒന്നാണ് ഇന്നലെ പൂർത്തിയായത്. രണ്ടു ഗോളുകൾക്ക് അർജന്റീന മുന്നിലെത്തിയ മത്സരത്തിന്റെ എൺപത്തിമൂന്നാം മിനുട്ടിലും ഇഞ്ചുറി ടൈമിലും ഗോളുകൾ നേടി ഹോളണ്ട് തിരിച്ചു വന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ലാറ്റിനമേരിക്കൻ ടീം വിജയം നേടി. രണ്ടു കിക്കുകൾ തടഞ്ഞിട്ട് എമിലിയാനോ മാർട്ടിനസ് ഹീറോയായി മത്സരത്തിൽ വിജയം നേടിയതോടെ സെമി ഫൈനലിൽ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ അർജന്റീന നേരിടും.

എന്നാൽ ഇന്നലത്തെ മത്സരത്തിലെ വിജയത്തിലും അർജന്റീനക്ക് നിരാശപ്പെടാനുള്ള കാരണങ്ങളുണ്ട്. മത്സരത്തിൽ നിരവധി അർജന്റീന താരങ്ങൾക്ക് മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു. റഫറി മാത്യു ലാഹോസ്‌ പതിനേഴു കാർഡുകൾ ഉയർത്തിയ മത്സരത്തിൽ അതിൽ ഒമ്പതെണ്ണവും അർജന്റീന താരങ്ങൾക്കാണ് ലഭിച്ചത്. ഇതോടെ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരം രണ്ട് അർജന്റീന താരങ്ങൾക്ക് നഷ്‌ടമാകും.

അർജന്റീനയുടെ ഫുൾ ബാക്കുകളായ ഗോൺസാലോ മോണ്ടിയൽ, മാർക്കോസ് അക്യൂന എന്നിവർക്കാണ് അടുത്ത മത്സരം നഷ്‌ടമാവുക. ഈ രണ്ടു താരങ്ങൾക്കും കഴിഞ്ഞ മത്സരത്തിലും മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ പോരാട്ടത്തിൽ രണ്ടു മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കുമെന്ന ഫിഫയുടെ നിയമം കാരണമാണ് രണ്ടു പേർക്കും പുറത്തിരിക്കേണ്ടി വരുന്നത്. അർജന്റീനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്.

മാർക്കോസ് അക്യൂന അർജന്റീന ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങുന്ന താരമാണ്. താരത്തിന്റെ അഭാവത്തിൽ ടാഗ്ലിയാഫിക്കോ ഇറങ്ങുമെങ്കിലും കായികപരമായി മുന്നിൽ നിൽക്കുന്ന അക്യൂനക്ക് പകരക്കാരനാവാൻ കഴിയുമോയെന്ന് കണ്ടറിയണം. മോണ്ടിയൽ അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരമായി കളിക്കുന്നില്ലെങ്കിലും പകരക്കാരനായി കളത്തിൽ വരാറുണ്ട്. ഫുൾ ബാക്ക് സ്ഥാനങ്ങളിൽ പകരക്കാരില്ലാതെയാവും അർജന്റീന അടുത്ത മത്സരത്തിൽ ഇറങ്ങേണ്ടത്. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടാൽ അത് ടീമിന് തിരിച്ചടി നൽകും.

ഫുൾ ബാക്കായും സെന്റർ ബാക്കായും കളിക്കാൻ കഴിയുന്ന യുവാൻ ഫോയ്ത്ത് ടീമിലുണ്ടെങ്കിലും ഇതുവരെ ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തിൽ സ്‌കലോണി വിശ്വാസം അർപ്പിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ക്രൊയേഷ്യക്കെതിരെ കായികപരമായി മുന്നിൽ നിൽക്കുന്ന താരങ്ങളെ തന്നെയാകും സ്‌കലോണി പരിഗണിക്കുക. ചിലപ്പോൾ സെന്റർ ബാക്കായ ഏതെങ്കിലും താരത്തെ ഫുൾ ബാക്കായി പരീക്ഷിക്കാനും സാധ്യതയുണ്ട്.