ഈ സീസൺ അവസാനിച്ചതോടുകൂടി ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ട ഒരുപാട് ഊഹാപോഹങ്ങളും വാർത്തകളും ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. പ്രധാനപ്പെട്ട താരങ്ങളുടെ എല്ലാം കോൺട്രാക്ട് പുതുക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തിവരുന്നുണ്ട്.
ഇന്ത്യൻ മുന്നേറ്റനിരതാരം ബിദ്യാഷാഗർ സിങ് അടുത്ത സീസണിലും കേരളാ ബ്ലാസ്റ്റേഴ്സിൽ തുടരും. കഴിഞ്ഞ സീസണിൽ ബെംഗളുരു എഫ്സിയിൽ നിന്ന് ബ്ലാസ്റ്റേഴേ്സിലേക്ക് ലോണിലെത്തിയ താരത്തെ നിലനിർത്താനാണ് ക്ലബിന്റെ നീക്കം. ഇക്കാര്യത്തിൽ ബിദ്യ ബ്ലാസ്റ്റേഴ്സുമായി പുതിയ കരാറിൽ ഒപ്പുവെച്ചു .
25-കാരനായ ബിദ്യ മണിപ്പൂർ സ്വദേശിയാണ്. 2020-21 ഐ-ലീഗിൽ ഗോൾഡൻ ബൂട്ടും ഹീറോ ഓഫ് ദ ലീഗ് പുരസ്കാരവും നേടിയാണ് ബിദ്യ ശ്രദ്ധേയനായത്.
തുടർന്ന് ബെംഗളുരുവിലെത്തിയ താരം അവിടെ അവസരം പരിമിതമായതോടെയാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയത്. ബിദ്യ ക്ലബിൽ തുടരുമ്പോൾ യുവതാരം ആയുഷ് അധികാരം ബ്ലാസ്റ്റേഴ്സ് വിടുമെന്നാണ് സൂചന. ആയുഷ് 2019 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ അവസരങ്ങൾ തീരെ കുറവാണ് ആയുഷിന് ലഭിച്ചത്. മാത്രമല്ല ചില മത്സരങ്ങളിൽ റൈറ്റ് ബാക്ക് റോളിലാണ് പരിശീലകൻ ആയുഷിനെ കളിപ്പിച്ചത്.ഈ കഴിഞ്ഞ സീസണിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു.
മാത്രമല്ല പ്രകടനവും അത്ര ഉയർന്നതായിരുന്നില്ല. ഗോൾ കീപ്പർ പ്രഭ്സുഖൻ സിംഗ് ഗില്ലും ബ്ലാസ്റ്റർസ് വിടാൻ സാധ്യതയുണ്ട്.കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാത്തത് ഗിൽ ആയിരുന്നു.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗിൽ 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.പഞ്ചാബിൽ നിന്നുമുള്ള ഗില്ലിനെ ബംഗളുരു എഫ് സി യിൽ നിന്നും രണ്ടു വർഷത്തെ കരാറിനാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.ചണ്ടീഗഡ് ഫുട്ബോൾ അക്കാദമിയുടെ കളിയിലേക്ക് കടന്നു വന്ന പ്രഭ്സുഖൻ സിംഗ് ഇന്ത്യയുടെ അണ്ടർ 14 ,17 ,20 ടീമുകളിൽ അംഗമായിരുന്നു.
2017 ൽ ഇന്ത്യയിൽ നടന്ന അണ്ടർ 17 വേൾഡ് കപ്പിനുള്ള ടീമിൽ അംഗമായെങ്കിലും ടീമിലെ രണ്ടാം ഗോൾ കീപ്പറായ പ്രഭ്സുഖൻ സിങ്ങിന് ബെഞ്ചിലിരുന്നു കളി കാണേണ്ടി വന്നു.2018 ൽ വലെൻസിയയിൽ നടന്ന കൊട്ടിഫ് കപ്പിൽ അര്ജന്റീന അണ്ടർ 20 ടീമിനെതിരെ നേടിയ ജയത്തിൽ നിർണായക പങ്കു വഹിച്ചു ഗിൽ.അടുത്ത സീസണിൽ ഐ ലീഗ് ടീം ഇന്ത്യൻ ആരോസിൽ എത്തിയ ഗിൽ 12 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞു.2018 -2019 സീസണിൽ ആരോസിനായി 18 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രഭ്സുഖൻ സിംഗ് ഗിലിന്റെ തുടർച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത സീസണിൽ ബംഗളുരു എഫ് സി ഗില്ലിനെ റാഞ്ചി.