ഖത്തറിൽ അർജന്റീനയുടെ ഗോൾ വലയം കാക്കുന്ന മൂന്ന് പേർ ആരൊക്കെ? ലിസ്റ്റ് പുറത്ത്

വരുന്ന ഖത്തർ വേൾഡ് കപ്പിൽ പലരും കിരീടം നേടാൻ സാധ്യത ചൂണ്ടിക്കാണിക്കുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന.സമീപകാലത്ത് ഏറെ മികവോടുകൂടി കളിക്കുന്ന അർജന്റീന ലയണൽ മെസ്സിയുടെ നായകത്വത്തിലാണ് ഖത്തറിൽ ഇറങ്ങുക. എന്നാൽ സുപ്രധാന താരങ്ങൾക്ക് പരിക്കേൽക്കുന്നത് അർജന്റീനക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്.

അർജന്റീനയുടെ പ്രാഥമിക ലിസ്റ്റ് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഇനി ഫൈനൽ ലിസ്റ്റ് ആണ് പുറത്തു വരാനുള്ളത്. നവംബർ പതിനാലാം തീയതി സ്‌കലോനി അത് പബ്ലിഷ് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. ചില താരങ്ങളുടെ കാര്യത്തിലുള്ള സംശയങ്ങൾ മാറ്റി നിർത്തിയാൽ പ്രമുഖ താരങ്ങളെല്ലാം ഫൈനൽ സ്‌ക്വാഡിൽ ഇടം നേടാൻ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഖത്തറിൽ അർജന്റീനയുടെ ഗോൾവലയം കാക്കുന്ന ഗോൾകീപ്പർമാർ ആരായിരിക്കും? തീർച്ചയായും ഒന്നാം ഗോൾകീപ്പർ ആരായിരിക്കും എന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നും വേണ്ട, എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും. ഈയിടെ ചെറിയ ഒരു പരിക്കിന്റെ ആശങ്ക അദ്ദേഹത്തെ അലട്ടിയെങ്കിലും അദ്ദേഹം ഇപ്പോൾ പൂർണ്ണ സജ്ജനാണ്. അദ്ദേഹം തന്നെയാണ് അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷകൾ.

എന്നാൽ അദ്ദേഹത്തിന് പിറകിൽ ആരായിരിക്കും വരിക എന്നുള്ളതായിരുന്നു സംശയങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ അർജന്റീനയിലെ പ്രമുഖ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുൾ ബാക്കി രണ്ട് ഗോൾകീപ്പർമാരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. രണ്ടാം ഗോൾകീപ്പർ ജെറോണിമോ റുള്ളിയും മൂന്നാം ഗോൾകീപ്പർ ഫ്രാങ്കോ അർമാനിയുമായിരിക്കും.ഇതാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അതായത് മറ്റൊരു ഗോൾ കീപ്പറായ യുവാൻ മുസ്സോക്ക് ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീന ടീമിൽ ഇടം ലഭിക്കില്ല എന്നുള്ള കാര്യം എഡുൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബായ അറ്റലാന്റയുടെ താരമാണ് യുവാൻ മുസ്സോ. ഏതായാലും എമിലിയാനോ മാർട്ടിനസ് തന്നെ എല്ലാ മത്സരങ്ങളിലും ലഭ്യമാകും എന്നാണ് അർജന്റീന ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post