ആർക്കാണ് വേൾഡ് കപ്പ് കിരീട സാധ്യത? സാവി പറയുന്നു |Qatar 2022 |FIFA World Cup
ഫിഫ വേൾഡ് കപ്പ് കിരീടം ഇത്തവണ ആർക്ക് ലഭിക്കും എന്നുള്ളതാണ് ഇപ്പോൾ ലോക ഫുട്ബോളിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചൂടേറിയ ചർച്ചകൾ. വേൾഡ് കപ്പിന്റെ ആവേശം നാടെങ്ങും അലയടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജന്റീനയും ശക്തമായ ടീമും കൊണ്ടാണ് ഇത്തവണ ഖത്തറിലേക്ക് വരുന്നത്.
അതുകൊണ്ടുതന്നെ പലരും കിരീട സാധ്യത കൽപ്പിക്കുന്നത് അർജന്റീനക്കും ബ്രസീലിനുമാണ്. എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനും ശക്തമായ ഒരു സ്ക്വാഡ് ഉണ്ട്. മാത്രമല്ല യൂറോപ്പ്യൻ വമ്പൻമാരായ സ്പെയിൻ,പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട് എന്നിവരെയൊന്നും ഒരു കാരണവശാലും എഴുതിത്തള്ളാൻ സാധിക്കില്ല. ചുരുക്കത്തിൽ ഈ വേൾഡ് കപ്പിൽ കടുത്ത പോരാട്ടങ്ങളാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ബാഴ്സയുടെ പരിശീലകനായ സാവിയും ഇത്തവണത്തെ കിരീട സാധ്യതകൾ വിലയിരുത്തിയിട്ടുണ്ട്. സൗത്ത് അമേരിക്കൻ ടീമുകളായ അർജന്റീന, ബ്രസീൽ എന്നിവർക്ക് തന്നെയാണ് സാവിയും സാധ്യത കൽപ്പിക്കുന്നത്. ബാക്കിയുള്ള ടീമുകളെക്കാൾ ഈ രണ്ട് ടീമുകളും നല്ല രൂപത്തിൽ തയ്യാറെടുത്ത് കഴിഞ്ഞു എന്നാണ് സാവി ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
‘ ബാക്കിയുള്ള നാഷണൽ ടീമുകളെക്കാൾ കൂടുതൽ അർജന്റീനയും ബ്രസീലും ഈ വേൾഡ് കപ്പിന് തയ്യാറെടുത്തു കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. യൂറോപ്പ്യൻ ടീമുകളെക്കാൾ കൂടുതൽ ഇവർ സജ്ജരാണ്. തീർച്ചയായും ഫ്രാൻസും ഇംഗ്ലണ്ടും സ്പെയിനുമൊക്കെ കരുത്തരായ ടീമുകൾ തന്നെയാണ്. പക്ഷേ അവരെക്കാളുമൊക്കെ കരുത്ത് അർജന്റീനക്കും ബ്രസീലിനും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ‘ ഇതാണ് സാവി പറഞ്ഞത്.
Xavi: "The World Cup? I see Argentina and Brazil more prepared than the rest of the national teams, including the European teams… There are strong teams such as France, Spain and England but I think that Argentina and Brazil are stronger." pic.twitter.com/x2g9eveMOb
— Roy Nemer (@RoyNemer) November 4, 2022
തീർച്ചയായും താര സമ്പന്നമായ ടീമുമായാണ് അർജന്റീനയും ബ്രസീലും ഇത്തവണ ഒരുങ്ങി വരുന്നത്.ഒരുഭാഗത്ത് ലയണൽ മെസ്സി അണിനിരക്കുമ്പോൾ മറുഭാഗത്ത് നെയ്മർ ജൂനിയറാണ് കച്ചകെട്ടി ഇറങ്ങുക. ഏതായാലും ഇത്തവണ കിരീട പോരാട്ടം കടുത്തതാവും എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.